ഭക്ഷ്യസുരക്ഷയെന്ന ലക്ഷ്യത്തിനായി നമ്മുടെ ഭരണകൂടം മത്സരപാച്ചില്‍ നടത്തുമ്പോഴും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് മരിക്കുകയാണ് മലയാളികള്‍. ശ്വസിക്കാന്‍ ശുദ്ധവായുവും കഴിക്കാന്‍ സുരക്ഷിത ഭക്ഷണവും ഭരണഘടന അനുശാസിക്കുന്ന പൗരന്റെ മൗലിക അവകാശങ്ങളാണെങ്കിലും സര്‍വ്വം മായത്തില്‍ മുങ്ങിയപ്പോള്‍ ഭക്ഷണത്തിലും മരണത്തിന്റെ ഗന്ധമുണ്ടായത് നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയെ ചൂണ്ടിക്കാണിക്കുന്നു.
ലോകാരോഗ്യ സംഘടന ഭക്ഷ്യസുരക്ഷയ്ക്കായി ഉത്പാദന സ്ഥലം മുതല്‍ ഉപഭോഗ സ്ഥാനം വരെ ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടും കേരളം കേട്ടഭാവം നടിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിഷമയമായ പച്ചക്കറികള്‍ എത്തിയിരുന്നതാണ് മലയാളികളെ അലട്ടിയിരുന്നതെങ്കില്‍ ഇന്ന് കുട്ടികള്‍ നുണയുന്ന ഐസ്ക്രീമില് പോലും വിഷംചേര്‍ത്തു വില്‍ക്കുകയാണ്.
ഭക്ഷ്യസുരക്ഷ കടലാസില്‍ ഒതുങ്ങുന്ന നമ്മുടെ നാട്ടില്‍ ആര്‍ക്കും എന്തു വിഷവും ഭംഗിയുള്ള പായ്ക്കറ്റിലാക്കി വിറ്റഴിക്കാം. രുചിയുണ്ടെങ്കില്‍ ആസിഡുപോലും കുടിക്കാന്‍ മടിയില്ലാത്ത മലയാളികളുടെ ഭക്ഷണപ്രിയത്തെ മുതലെടുത്ത് കീശ വീര്‍പ്പിക്കുകയാണ് കുത്തക മുതലാളിമാര്‍.
അന്താരാഷ്ട്ര കുത്തകയായ നെസ്ലേയുടെ മാഗി നൂഡില്‍സില്‍ അമിത തോതില്‍ ലെഡും( ഈയം) മോണോസോഡിയം ഗഌട്ടാമേറ്റും കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തയാണ് ഇതില്‍ ഒടുവിലത്തേത്. കുട്ടികളെ നിത്യരോഗികളും മാനസിക രോഗികളും ആക്കുന്നതാണ് ഈ വസ്തുക്കള്‍. കണ്ടെത്തലിനെത്തുടര്‍ന്ന് മാഗി രാജ്യമൊട്ടാകെ നിരോധിക്കാനുള്ള നടപടികള്‍ അതിവേഗം നടന്നുവരികയാണ്.
കുട്ടികള്‍ക്ക് പ്രിയങ്കരമായ മാഗി നൂഡില്‍സില്‍ വിഷവസ്തുക്കള്‍ ഉണ്ടെന്ന കണ്ടെത്തല്‍ രാജ്യത്തെയൊട്ടാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ അമിതാഭ് ബച്ചന്, പ്രീതി സിന്റ, മാഥുരി ദീക്ഷിത് എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ ബീഹാര്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. മാഗിക്കെതിരായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാഗി നൂഡില്‍സിന് രാജ്യത്താകമാനം വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര കുത്തകയ്ക്കെതിരെ കര്‍ശന നടപടിയുമായാണ് കേന്ദ്രം മുന്നോട്ടു പോകുന്നത്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീവ്ചയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ വ്യക്തമാക്കിയിട്ടുണ്ട്.
കൃത്രിമ വെളിച്ചെണ്ണയും, പ്ലാസ്റ്റിക് ചേര്‍ത്ത അരിയും വിപണിയില്‍ സുലഭമായപ്പോഴും നമ്മുടെ നിയമപാലകര്‍ ഇരുട്ടില്‍ തപ്പുകയാണ്്. കീടനാശിനികളുടെയും കളനാശിനികളുടെയും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാന്‍ തളിക്കുന്ന രാസപദാര്ത്ഥങ്ങളുടെയും ഉപയോഗം ധാന്യങ്ങളെയും പച്ചക്കറികളെയും പായ്ക്കറ്റ് ഭക്ഷണങ്ങളെയും വിഷലിപ്തമാക്കിയപ്പോള്‍ വര്‍ഷംതോറും അന്നമുണ്ട് മരിക്കുന്നവരുടെ എണ്ണം ഇരുപതുലക്ഷമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷണശാലകള്‍ കൊഴുപ്പും രാസവസ്തുക്കളും ചേര്‍ത്ത് അന്നമൂട്ടിയതു വഴി ജീവിതശൈലീരോഗങ്ങള്‍ മുതല്‍ അര്‍ബുദം വരെ കേരളീയരുടെ കൂട്ടുകാരായി. മുതിര്‍ന്നവര്‍ മാത്രമല്ല പിഞ്ചുബാല്യങ്ങള്‍ വരെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ക്ക് മാറാ രോഗങ്ങള്‍ക്കും അടിമകളായി.
ജനങ്ങളുടെ ആരോഗ്യത്തെക്കാളേറെ സ്വാര്‍ത്ഥലാഭം മാത്രം മുന്നില്‍ കാണുന്ന ഉത്പാദകരും, ഇടനിലക്കാരും, കച്ചവടക്കാരും, കൈകോര്‍ത്തു പിടിച്ചതോടെ കേരളം മായക്കാരുടെ നാടായി മാറി. ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പ്രശ്നരഹിത സംസ്ഥാനമെന്ന മറുപടി നല്കി തടിതപ്പുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍. ഭാരതത്തിനു തന്നെ ആരോഗ്യമോഡലെന്നവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഭക്ഷണം പോലും രോഗം വിതയ്ക്കുന്നുവെന്ന സത്യത്തിനു മുന്നില്‍ മുഖംതിരിക്കുകയാണ് അധികാരികള്‍.
വിപണിയിലെത്തുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധന പ്രായോഗികമല്ല. എന്നാല്‍ ഉത്പാദനഘട്ടത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടത്തിയാല്‍ വിഷാംശമില്ലാത്ത ഭക്ഷണം വിപണിയില്‍ എത്തിച്ചുകൂടെ. മില്‍മയും അമൂലും പോലുള്ള വിശ്വസ്ത സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ഐസ്ക്രീമുകളെക്കാള് വിറ്റുവരവ് ലഭിക്കുന്ന അനധികൃത ഐസ്ക്രീം നിര്‍മ്മാണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഐസ്ക്രീമുകള്‍ മാരക വിഷം പേറുന്നവയാണെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
(നാളെ -ഐസ്ക്രീമില് സ്വാദിനൊപ്പം വിഷവും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: