കൊച്ചി: കാന്‍സര്‍ പ്രതിരോധ ചികിത്സാ മേഖലയില്‍ വിപുലമായ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ഇന്നസെന്റ് എംപി ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘ശ്രദ്ധ” കാന്‍സര്‍ പ്രതിരോധ പദ്ധതി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും.
പദ്ധതിയുടെ ഭാഗമായി ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളിലും മാമോഗ്രാഫി യൂണിറ്റുകള്‍ സജ്ജമാക്കും. കൊടുങ്ങല്ലൂര്‍, ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി താലൂക്ക് ആശുപത്രികളിലാണ് സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള യൂണിറ്റുകള്‍ പുതുതായി നിലവില്‍ വരുക. എംപി ഫണ്ടില്‍ നിന്ന് മൂന്നുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിക്കുന്ന മാമോഗ്രാഫി യൂണിറ്റിന് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. 61 ലക്ഷം രൂപയാണ് ഇവിടെ മാമോഗ്രാഫി യൂണിറ്റിനും കെട്ടിടനിര്മാണത്തിനുമായി ചെലവഴിക്കുക.
2015-16 ലെ എംപി ഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് ആലുവ സര്‍ക്കാര്‍ ആശുപത്രിയിലും പെരുമ്പാവൂര്‍, ചാലക്കുടി താലൂക്ക് ആശുപത്രികളിലും ഈ വര്‍ഷം തന്നെ മാമോഗ്രാഫി യൂണിറ്റുകള്‍ സ്ഥാപിക്കും. ആലുവ, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രികളില്‍ ഇതിനായി മാത്രം പ്രത്യേകം കെട്ടിടവും നിര്‍മിക്കും. മണ്ഡലത്തില്‍ അവശേഷിക്കുന്ന താലൂക്ക് ആശുപത്രിയായ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അടുത്തവര്‍ഷം മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കും. ഓരോ യൂണിറ്റിനും 60 ലക്ഷം രൂപ വീതമാണ് ചെലവഴിക്കുക.
നാല് മാമോഗ്രാഫി യൂണിറ്റുകള്‍ ഈ വര്‍ഷവും ഒരു യൂണിറ്റ് അടുത്ത വര്‍ഷത്തോടെയും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണ്ഡലത്തിനകത്തും പുറത്തുമുള്ള സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ സ്തനാര്‍ബുദ നിര്‍ണയം നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ നിര്‍ണയത്തിനായി ഇത്രയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് ഇതാദ്യമായാണ്.
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിലവില്‍ ജില്ലാ ആശുപത്രികളില്‍ മാത്രമാണ് സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള സൗകര്യങ്ങള്‍ ഉള്ളത്. നഗരകേന്ദ്രിതമായ ഈ സൗകര്യം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കുകൂടി ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: