ആലപ്പുഴ: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ സന്ദര്‍ശനത്തിന് പിന്നാലെ ആലപ്പുഴയ്ക്ക് അഭിമാനമായി വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന് അനുമതി. പത്തു വര്‍ഷത്തെ യുപിഎ ഭരണത്തില്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ കേന്ദ്രമന്ത്രിമാരായിരുന്നിട്ടും ലഭിക്കാത്തതാണ് ബിജെപിക്കാരനായ കേന്ദ്രആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം സമ്മാനമായി ആലപ്പുഴക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അമ്പലപ്പുഴയിലാണ് സ്ഥാപിക്കുന്നത്. 34.25 കോടി രൂപ ഗ്രാന്റും ആദ്യഘട്ടത്തില്‍ തന്നെ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടുവരുന്നത് ആലപ്പുഴയിലാണ്. ചിക്കുന്‍ഗുനിയ, എച്ച്1 എന്‍1, എച്ച്2 എന്‍2, താറാവുകളിലെ പക്ഷിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ ബീജാവാപം ജില്ലയില്‍ നിന്നായിരുന്നു. ഇവ കൂടാതെ നിരവധി പകര്‍ച്ചവ്യാധികളും രോഗങ്ങളും ഇവിടെ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവുമൊടുവിലായി പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് താറാവുകളെ ചുട്ടുകൊല്ലേണ്ട അവസ്ഥയ്ക്ക് കഴിഞ്ഞവര്‍ഷം ആലപ്പുഴ സാക്ഷ്യം വഹിച്ചിരുന്നു.
സംസ്ഥാനത്ത് സാധാരണ കണ്ടുവരുന്ന പകര്‍ച്ചവ്യാധികളുടെ ജനിതക മാറ്റം, നിര്‍മാര്‍ജനം, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് വളരെ വേഗത്തിലും കാര്യക്ഷമമായും മനസിലാക്കാന്‍ വണ്ടാനത്ത് തുറക്കുന്ന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വഴി സാധിക്കും. മുന്‍പു തന്നെ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ലക്ഷ്യം വച്ച് വണ്ടാനം മെഡിക്കല്‍ കോളേജ് വളപ്പില്‍ വടക്കുഭാഗത്തായി അഞ്ചരയേക്കര്‍ സ്ഥലം ചുറ്റുമതില്‍കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ ഒമ്പത് മുറികളിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് നിലവില്‍ ലാബ് എന്നപോലെ പ്രവര്‍ത്തിക്കുന്നത്.
മൂന്നു കോടിയിലേറെ രൂച ചെലവഴിച്ച് വാങ്ങിയ അത്യാധുനിക യന്ത്രോപകരണങ്ങള്‍ ഇവിടെയുണ്ട്. പുനൈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പ്രത്യേക സംഘം ആശുപത്രിയില്‍ നിലയുറപ്പിച്ചാണ് ലാബിന്റെ പ്രവര്‍ത്തനം നടത്തുന്നത്. വൈറല്‍, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ വൈറസുകളെ കണ്ടെത്താനുള്ള പരിശോധന മാത്രമാണ് ലാബില്‍ നടക്കുന്നത്.
പുത്തന്‍ രോഗങ്ങളുടെ കടന്നുവരവ് തുടക്കത്തില്‍ തന്നെ കണ്ടെത്താനും മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുന്നത് തടയാനും അസുഖബാധിതരുടെ മരണം ഒഴിവാക്കാനുള്ള പ്രതിരോധ പദ്ധതികള്‍ ആവിഷ്കരിക്കാനും ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സഹായകരമാകും. ദേശീയ നിലവാരമുള്ള ഇന്‍സ്റ്റിറ്റിയൂട്ട് എന്ന നിലയില്‍ പൂനൈയിലെ ഇന്‍സ്റ്റിറ്റിയൂട്ടിനെയാണ് കേരളം നിലവില്‍ ആശ്രയിക്കുന്നത്. എന്നാല്‍ അമ്പലപ്പുഴയിലെ വണ്ടാനത്ത് നിശ്ചിത സ്ഥലത്ത് ഇന്‍സ്റ്റിറ്റിയൂട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന്റെ പ്രയോജനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവയ്ക്കും ലഭ്യമാകും. കൂടാതെ സമീപിക്കുന്ന ഇതര സംസ്ഥാനങ്ങള്‍ക്കും നേട്ടമായിരിക്കും.
കഴിഞ്ഞമാസം 30ന് നദ്ദ ആലപ്പുഴയിലെത്തിയിരുന്നു. അന്ന് ബിജെപി മെഡിക്കല്‍ സെല്‍ ജില്ലാ നേതാക്കള്‍ ഇതുസംബന്ധിച്ച് അദ്ദേഹത്തിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ നടപടിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: