കൊച്ചി: ശ്മശാനങ്ങള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം അനുമതി മതിയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്. ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്‍കുമെന്നും കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന് വ്യക്തമാക്കി. ക്രിസ്ത്യന്‍, മുസ്ലിം സമുദായാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം ഒരുക്കുന്നതിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച പരാതികളിലാണ് ഈ നിര്‍ദ്ദേശം.
ശ്മശാനത്തിന് പഞ്ചായത്തുകള്‍ വഴി അനുമതി ലഭിച്ച ശേഷം ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തി കളക്ടറുടെ തീരുമാനത്തിന് സമര്‍പ്പിക്കുന്നതാണ് നിലവിലെ രീതി. പലപ്പോഴും ഇതില്‍ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്നുണ്ട്.
പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രശ്നങ്ങളില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തന്നെ അനുമതി നല്കാന് നിയമമുണ്ടാകണം. ഇതിനായി കമ്മീഷന് ശക്തമായി ഇടപെടുമെന്ന് ചെയര്മാന് അഡ്വ. എം. വീരാന്‍കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് ഇരുപതോളം കേസുകളാണ് കമ്മീഷന് മുന്നിലുള്ളത്. ഇന്നലെ ആറു കേസുകള്‍ പരിഗണനയ്ക്കെടുത്തു.
ഇന്നലെ നടന്ന സിറ്റിംഗില്‍ മൊത്തം 27 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്.
നാലു കേസുകളില്‍ തീരുമാനമായി. മറ്റുള്ള കേസുകളില്‍ അടുത്ത സിറ്റിംഗില്‍ വാദം കേള്‍ക്കും. പശ്ചിമകൊച്ചിയില്‍ ചെല്ലാനം, കണ്ണമാലി ഭാഗത്ത് കടല്‍ഭിത്തി നിര്‍മാണം സംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി നിലനിന്ന കേസില്‍ ഭിത്തി പണിയണമെന്ന് കമ്മീഷന് നിര്‍ദേശം നല്കി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേപ്(കോ ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എജ്യുക്കേഷന്‍)നിയമനത്തിന് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയിലും തെറ്റു തിരുത്തണമെന്ന് കമ്മീഷന് ഉത്തരവിട്ടു.
കാലടി ശ്രീ ശങ്കര സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്നതിന് ഗൈഡിനെ ലഭിക്കുന്നില്ലെന്ന പരാതിയിലും കമ്മീഷന് പരാതിക്കാരിക്ക് അനുകൂലമായി ഉത്തരവിട്ടു. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഏറെയുള്ള ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ ന്യൂനപക്ഷ ബ്ലോക്കായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഏലിയാമ്മ ഐസക്ക് കമ്മീഷനെ സമീപിച്ചു.
അപേക്ഷ റിപ്പോര്‍ട്ടിനായി കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി. ചെയര്മാന് അഡ്വ എം. വീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും പങ്കെടുത്തു. അടുത്ത സിറ്റിംഗ് ജൂലൈ 30ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: