കോഴിക്കോട്: കാല് നൂറ്റാണ്ടിന് ശേഷം നടപ്പാക്കിയപീരിയഡ് പരിഷ്കരണം അവതാളത്തിലായി. കലാ, കായിക, പ്രവര്‍ത്തിപരിചയ പഠനത്തിന് സമയം ലഭിക്കാനാണ് ഏഴില്‍ നിന്ന് എട്ട് പിരിയഡുകളായി പരിഷ്കരണം നടപ്പിലാക്കിയത്. എന്നാല്‍ കലാ, കായിക, പ്രവൃത്തിപരിചയത്തിനായി അദ്ധ്യാപകരെ നിശ്ചയിക്കാതെയാണ് പിരിയഡുകള്‍ വര്‍ദ്ധിപ്പിച്ചത്. ഇത് മൂലം ക്ലാസുകളില്‍ വേണ്ടത്ര അദ്ധ്യാപകരില്ലാത്ത അവസ്ഥയാണ്. 500 വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ മാത്രമാണ് ഈ പഠന വിഭാഗങ്ങള്‍ക്കായി അദ്ധ്യാപക തസ്തിക നിലവിലുള്ളത്. മറ്റ് സ്കൂളുകളില്‍ താല്‍ക്കാലിക അദ്ധ്യാപകരെ നിയമിക്കാനാണ് തീരുമാനം. ഇതിനുള്ള യാതൊരുവിധ മുന്നൊരുക്കവും ഇല്ലാതെയാണ് പീരിയഡുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എസ്എസ്എ ഫണ്ട് ഉപയോഗിച്ചാണ് ഈ വിഭാഗം അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുക. അധ്യാപകരെ നിയമിക്കാതെ പരിഷ്കരണം ധൃതിപിടിച്ച് നടപ്പിലാക്കിയത് എസ്എസ്എ ഫണ്ട് നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ആരോപണം.
തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച നടന്ന അദ്ധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ പരിഷ്കരിച്ച പീരിയഡുകളെ കുറിച്ച് ചര്‍ച്ച ചെയ്തെങ്കിലും പ്രധാന അദ്ധ്യാപക സംഘടനകളെല്ലാം സര്‍ക്കാറിന്റെ പരിഷ്കരണത്തെ അനുകൂലിക്കുകയായിരുന്നു. അദ്ധ്യാപകരെ നിയമിക്കാതെ പരിഷ്കരണം നടപ്പാക്കുന്നതിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്തുമാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഒന്നുമുതല്‍ മൂന്ന് വരെ നാല്പത് മിനിട്ടും അഞ്ച് ആറ് പിരീയഡുകള്‍ 35 മിനിട്ടും ശേഷിച്ച രണ്ട് പീരിയഡുകള്‍ 30 മിനിട്ടു വീതവും എന്ന രീതിയിലാണ് പുതിയ പരിഷ്കാരം.
വെള്ളിയാഴ്ചകളില്‍ രാവിലെ 9.30ന്് ക്ലാസുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12.15 മുതല്‍ 2.15 വരെയാണ് ഇടവേളയായി കണക്കാക്കിയിരിക്കുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പള്ളിയില്‍ പോകുന്നതിനാണ് ഈ രീതിയില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സ്കൂളുകളില്‍ പോലും ഇതേ സമയക്രമമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: