എരുമേലി:ചാത്തന്തറയെ സമ്പൂര്‍ണ്ണവൈദ്യുതീകരണ മേഖലയായി പ്രഖ്യാപിച്ചിട്ട് 23 വര്‍ഷം കഴിഞ്ഞിട്ടും മൂന്നു കുടുംബങ്ങള്‍ ഇന്നും ഇരുട്ടില്‍ തന്നെ. റാന്നി നിയോജകമണ്ഡലത്തിലെ വെച്ചൂച്ചിറ പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലാണ് ഭരണവര്‍ഗത്തിന്റെയും അതിവേഗം ബഹുദൂരം വികസനമെത്തുമെന്ന് വിളംബരം നടത്തുന്നവര്‍ക്കും കണ്മുന്നിലാണ് ഈ ദുരിതകഥ.
ദളിത് പിന്നോക്കവിഭാഗത്തില്പെട്ട കൈപ്പലവീട്ടില് രാജപ്പനും മകനും കുടുംബവും, ചരിവുകാലായില്‍ സജികുമാറും കുടുംബവും, ചൂണ്ടശ്ശേരില്‍ ശ്യാംകുമാറും കുടുംബവുമാണ് ഇപ്പോഴും ഇരുട്ടില്‍ കഴിയുന്നത്. ചാത്തന്‍തറ റോഡില്‍നിന്നും പഞ്ചായത്തുവക റോഡിലൂടെ നടന്ന് ഒറ്റയടിപ്പാതയിലൂടെയാണ് ഇന്നും ഈ കുടുംബങ്ങള്‍ സഞ്ചരിക്കുന്നത്. നടപ്പാതയില്‍ക്കൂടി വൈദ്യുതിലൈന്‍ വലിക്കാന്‍ അയല്‍ക്കാരില്‍ ചിലര്‍ അനുവാദം നല്‍കാത്തതാണ് ഇവര്‍ക്ക് വൈദ്യുതി ലഭിക്കാന്‍ തടസ്സമായിരിക്കുന്നത്. വൈദ്യുതി ലഭിക്കുന്നതിനായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും പത്തനംതിട്ട ജില്ലാ കളക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും നേരില്‍കണ്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
ഇതിനിടെ ഇവര്‍ ഉപയോഗിച്ചിരുന്ന തലമുറകള്‍ പഴക്കമുള്ള നടപ്പാത കെട്ടിയടക്കാനും അയല്‍ക്കാരില്‍ ചിലര്‍ നീക്കം നടത്തുന്നുണ്ട്. ചാത്തന്തറയെ സമ്പൂര്‍ണ്ണവൈദ്യുതീകരണ മേഖലയായി പ്രഖ്യാപിക്കുകയും വെളിച്ചം എല്ലാവര്ക്കും എത്തിയെന്ന് പ്രചാരണം നടത്തുമ്പോഴും ചാത്തന്‍തറ പള്ളിപ്പടിക്ക് സമീപം താമസിക്കുന്ന ഈ കുടുംബങ്ങള്‍ ഇന്നും ഇരുട്ടില്‍ കഴിയുന്നത് ഭരണാധികാരികളുടെ കടുത്തവീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റേഷന്‍കടയില്‍നിന്നും ലഭിക്കുന്ന അരലിറ്റര്‍ മണ്ണെണ്ണയാണ് ഈ കുടുംബങ്ങളുടെ ഏകആശ്രയം. അതും മിക്കപ്പോഴും കിട്ടാതെവരുമ്പോള്‍ അമിതവില നല്കി മണ്ണെണ്ണ വാങ്ങുകയോ ഇരുട്ടില്‍ കഴിയുകയോ ചെയ്യേണ്ട ഗതികേടിലാണ് ഇവര്‍.
പരാതികളുടെ അടിസ്ഥാനത്തില്‍ ചില ജനപ്രതിനിധികള്‍ സ്ഥലത്തെത്തിയെങ്കിലും അയല്ക്കാരന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്ന് അവര്‍കൂടി പറഞ്ഞതോടെ നിരാശയിലാണ് മൂന്ന് കുടുംബങ്ങളും. നഴ്സറി, എല്‍കെജി, പ്ലസ്വണ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ കുടുംബങ്ങളിലുണ്ട്. മനുഷ്യാവകാശ സംഘടനകളോ, പിന്നോക്കപ്രേമം നടിക്കുന്നവരോ ഇവരുടെ പ്രശ്നത്തില്‍ ഇനിയും ഇടപെട്ടിട്ടില്ല.
വൈദ്യുതി ലൈന്‍ വലിക്കുന്നതും നടപ്പാതയില്കൂടി നടക്കുന്നതു സംബന്ധിച്ചും അയല്ക്കാരന് നല്കിയ കേസുകള്‍ക്ക് പിന്നാലെ പോകാനുള്ള സാമ്പത്തിക സ്ഥിതി ഈ കുടുംബങ്ങള്‍ക്കില്ല.
സമ്പൂര്‍ണ്ണവൈദ്യുതീകരണ മേഖലയില്‍ അഞ്ച് സെന്റിലും നാല് സെന്റിലും താമസിക്കുന്ന ഇവരുടെ ഇരുളടഞ്ഞ ജീവിതം സാംസ്കാരിക കേരളത്തിന് മുന്നില്‍ ചോദ്യചിഹ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: