ഗുരുവായൂര്‍: കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനിടെ ഉത്സവബലി ദിവസം നാലമ്പലത്തിനകത്ത് ദേവസ്വം ബോര്‍ഡ് മെംബറും അസി.മനേജരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വര്‍ഷമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് കോടതി വരെ ഉത്തരവ് നല്‍കിയിട്ടും പോലീസ് ഇക്കാര്യത്തില്‍ ഒളിച്ച്കളി നടത്തുകയാണ്. ദേവസ്വം ഭരണസമിതിയംഗം എന്‍. രാജുവും അസി.മാനേജര്‍ സുനില്‍കുമാറും തമ്മിലാണ് അടിപിടി ഉണ്ടായത്. സംഘര്‍ഷത്തിനിടെ നാലമ്പലത്തികത്ത് ഉത്സവബലി ദിവസം രക്തം വീണിരുന്നു. ക്ഷേത്ര ചടങ്ങുകളുടെ പരിപാവനതക്ക് കളങ്കം വരുത്തുന്ന തരത്തില്‍ സംഭവം ഉണ്ടായിട്ടും ശക്തമായ നടപടി എടുക്കാന്‍ ഒരു വര്‍ഷമായിട്ടും ദേവസ്വം ഭരണസമിതി തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ദേവസ്വത്തിലെ ഒരു ജീവനക്കാരന് ചാവക്കാട് കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പോലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ പോലീസ് കോടതി ഉത്തരവ് ലംഘിച്ച് ദേവസ്വം ഭരണ സമിതിയംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കേസ് രജീസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പറയുന്നതല്ലാതെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. മാത്രമല്ല കോടതിയില്‍ ഹര്‍ജി നല്കിയ ജീവനക്കാരനെ ദേവസ്വം ആരോപണ വിധേയനായ മെംബറുടെ സമ്മര്‍ദ്ദ പ്രകാരം നിരന്തരം പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ഹര്‍ജി നല്‍കിയതിലുള്ള വൈരാഗ്യം മൂലം ഇയാളെ ആദ്യം വേണാട് ഗോകുലത്തിലേക്കും പിന്നീട് പുന്താനം ഇല്ലത്തേക്കും സ്ഥലം മാറ്റി.
ഭരണ സമിതി ചെയര്മാന് പോലും കളങ്കിത ഭരണസമിതിയംഗത്തിന്റെ ചൊല്പടിക്ക് നില്‍ക്കേണ്ട ഗതികേടിലാണെന്നും പറയുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഇദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ ഭക്തരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: