തൃശൂര്‍: ചന്ദ്രബോസിന്റെ കൊലയാളിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ സംഭാവന വാങ്ങി. നിസാമിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന വിവരം അറിഞ്ഞുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ പണം വാങ്ങിയത്.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഭൂമിഗീതം പരിപാടിയിലേക്കാണ് നിസാമില്‍ നിന്ന് അഞ്ച് ലക്ഷം വാങ്ങിയത്. അന്ന് ചന്ദ്രബോസ് കൊലപതകം നടന്നിട്ടില്ലെങ്കിലും വനിതാ സിഐ ദേവിയെ കാറിനുള്ളില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിയായിരുന്നു ഇയാള്‍. കൂടാതെ പ്രായ പൂര്‍ത്തിയാകാത്ത മകനെ കൊണ്ട് കാറോടിപ്പിച്ച സംഭവത്തിലും പ്രതിയായിരുന്നു. ജില്ലാ കളക്ടര്‍ എം.എസ്. ജയയുടെ നേതൃത്വത്തിലാണ് നിസാമില്‍ നിന്ന് പണം കൈപ്പറ്റിയത്.
ജനുവരി 18 ന് രാമവര്‍മ്മപുരം എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലായിരുന്നു പരിപാടി. 13 നാണ് പണം വാങ്ങിയത്. ഭൂമിഗീതം പരിപാടി വിജയപ്രദമാക്കിയതിന് കളക്ടര്‍ക്കും ഡെപ്യൂട്ടി കളക്ടര്‍ക്കും റവന്യൂ വകുപ്പ് അവാര്‍ഡ് നല്‍കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി പേരില്‍ നിന്ന് സംഭാവന വാങ്ങിയാണ് ഭൂമിഗീതം വിജയിപ്പിച്ചതെന്ന് ആരോപണമുണ്ട്.
ഭൂരിഭാഗം പേരെയും ഫോണിലുടെ ബന്ധപ്പെട്ടാണ് സംഘാടക സമിതി പണം വാങ്ങിയത്. ജില്ലയിലുടനീളം നിരവധി ഫഌറ്റുകള്‍ പണിയുന്ന നിസാമിന് റവന്യു വകുപ്പ് അനധികൃത ഇടപാടുകള്‍ക്ക് അവസരം നല്കി കൊടുത്തിട്ടുമുണ്ട്. ഇതിന്റെ മുതലെടുപ്പാണ് അധികൃതര്‍ ഭൂമിഗീതം പരിപാടിയിലുടെ നിസാമില്‍ നിന്ന് ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: