കൊല്ലത്ത് അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാസമ്മേളനം ഡോ.പി.ബി. ശാന്താദേവി ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: മൂല്യച്യുതി സംഭവിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീസമൂഹം പല സാമൂഹ്യവിപത്തുകള്‍ക്കും നടുവിലാണെന്ന് എന്‍എസ്എസ് കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ.പി.ബി. ശാന്താദേവി. അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം താമരക്കുളം റെഡ്യാര്‍ ഹാളില്‍ നടന്ന ദക്ഷിണമേഖലാ വനിതാസമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അവര്‍. സിനിമാനടന് ജഗദീഷിന്റെ മൂത്തസഹോദരികൂടിയാണ് ഡോ. ശാന്താദേവി.
ലൈംഗിക പീഡനം, സ്ത്രീധനപീഡനം, മദ്യപാനികളില്നിന്നുള്ള പീഡനം എന്നിവ സ്ത്രീസമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായി മാറിയിരിക്കുന്നു. ഇതിനെ നിയന്ത്രിക്കാന്‍ ശാക്തീകരിക്കപ്പെട്ട സ്ത്രീസമൂഹത്തിന് കഴിയും. ഭാരതീയ സംസ്കാരത്തിന് അധിഷ്ഠിതമായ ജീവിതവും ജീവിതശൈലിയും ആചരിക്കുന്ന സ്ത്രീ സമൂഹത്തില്‍ സാമൂഹ്യപരമായ വിപത്തുകള്‍ ഇല്ലാതാകുന്നു.
എന്നാല്‍ പാശ്ചാത്യസംസ്കാരത്തിന്റെ അനുകരണത്തിലൂടെ നമ്മുടെ പുതിയ തലമുറ വസ്ത്രധാരണം മുതല്‍ ശരീരഭാഷക്ക് വരെ മാറ്റം വരുത്തുകയും ചുംബനസമരം പോലുള്ള ആഭാസസമരങ്ങള്ക്ക് വഴിവെക്കുകയും ചെയ്യുന്നു. മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് ഭാരതീയ സംസ്കാരത്തിന് അധിഷഠിതമായ ജീവിതശൈലി അനുവര്‍ത്തിക്കുന്നതിലൂടെ സാമൂഹ്യപരമായ തിന്മകളെ നേരിടുവാനും കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷതത്വത്തോടൊപ്പം തുല്യവേതനവും ഉറപ്പാക്കണമെന്നും സ്ത്രീകളുടെ സുരക്ഷക്കായി ബജറ്റില്‍ പ്രത്യേകപദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും അതിലൂടെ സ്ത്രീശാക്തീകരണം നടത്തേണ്ടതാണെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ അഡ്വ.പി.ഉഷ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്. ശോഭനകുമാരി, അഡ്വ.ശ്രീദേവി പ്രതാപ്, കെ.വിജയലക്ഷ്മി, കെ.എസ്. നസിയ, ആര്. ഹരിതാമോള്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് ബി.ശിവജി സുദര്ശന്, ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ ഉപാദ്ധ്യക്ഷ രാജലക്ഷ്മി ശിവജി സ്വാഗതവും ശാന്ത.ഡി. നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: