മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യൂഡല്‍ഹിയില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുന്നു
ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര ഷിപ്പിംഗ്മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കബോട്ടാഷ് നിയമത്തിന് ഇളവ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കബോട്ടാഷ് ഇളവിന്റെ കാര്യം പ്രധാനമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളില്‍നിന്നും റെയില്‍ കണക്ടിവിറ്റി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സ്വന്തം ചിലവില്‍ നിര്‍മ്മിച്ചുനല്‍കുമെന്നും ഗഡ്കരി അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖപദ്ധതി അവസാനഘട്ടത്തിലാണ്.ടെണ്ടറില്‍ യോഗ്യതനേടി ടെണ്ടര്‍ രേഖകള്വാങ്ങിയ മൂന്ന് കമ്പനികളായ എസ്സാര്‍, ശ്രേയ ഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം, അദാനി എന്നിവരുമായി ടെണ്ടറിനുമുമ്പുള്ള ടെണ്ടര്‍ അപേക്ഷകരുടെ യോഗം മാര്‍ച്ച് 9ന് മുംബൈയില്‍ വിളിക്കും.
ദേശീയപാത വികസനത്തെകുറിച്ചും കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ബൈപ്പാസുകളുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന് കേന്ദ്രന്ത്രിയെ ക്ഷണിക്കുകയും മന്ത്രി ക്ഷണം സ്വീകരിക്കുകയും ചെയ്തു. യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, എംപിമാരായ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, അന്േറാ ആന്റണി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, വിഴിഞ്ഞം അന്തര്‍ദേശീയ സീ പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എ.എസ്. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര രാസവള വകുപ്പ് മന്ത്രി ആനന്ത്കുമാറിനെ പാര്‍ലമെന്റ് മന്ദിരത്തില്‍ സന്ദര്‍ശിച്ച് എഫ്എസിടി പാക്കേജിനെക്കുറിച്ച് ചര്‍ച്ച നടത്തി.എഫ്എസിടിയ്ക്കായി 997 കോടി രൂപയുടെ പാക്കേജ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായും മുഖ്യമന്ത്രി കൊച്ചി മെട്രോ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തി. കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മ്മാണ ഉദ്ഘാടനം മാര്‍ച്ച് 21 ന് വെങ്കയ്യ നായിഡുവിന്റെ മണ്ഡലമായ നെല്ലൂരിലെ കോച്ച് ഫാക്ടറിയില്‍ നടത്തും. ചടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് പങ്കെടുക്കും.എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ലിബിയയിലെ നേഴ്സുമാരുടെ മടങ്ങിവരവ്, മാലിദ്വീപ് ജയിലില്‍ കഴിയുന്നവരുടെ മോചനം, തടവില്‍ കഴിയുന്ന മീന്‍പിടുത്തക്കാരുടെ മോചനം എന്നീ വിഷയങ്ങളെ കുറിച്ചായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: