തിരുവനന്തപുരം: പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കെ.പി.സി.സി സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി നടത്തിയ പരാമര്‍ശം അധികാര പരിധി വിട്ടുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. കോടതിയുടെ പരാമര്‍ശത്തോട് ശക്തിയായി വിയോജിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇനിയും നല്കാന് മടി കാണിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോടതിയോട് കോണ്‍ഗ്രസിന് എന്നും ആദരവാണുള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ കോടതി ഇത്തരമൊരു പരാമര്‍ശം നടത്തുമായിരുന്നില്ല. കെപിസിസിയോ പാര്‍ട്ടി പ്രസിഡന്റോ ഈ കേസില്‍ കക്ഷിയല്ല. ഗൗരവമായ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നതിന് മുമ്പ് കെപിസിസിക്ക് പറയാനുള്ളത് പറയാനുള്ള അവസരം കോടതി തന്നില്ല. അതിനാല്‍ തന്നെ കോടതിയുടെ പരാമര്‍ശം സാമാന്യ നീതിയ്ക്ക് നിരക്കാത്തതും സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും സുധീരന് പറഞ്ഞു.
പാര്‍ലമെന്ററി സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പ്രധാന പങ്കാണുള്ളത്. കെപിസിസി സര്‍ക്കുലര്‍ നല്‍കിയത് തദ്ദേശ സ്ഥാപനങ്ങള്‍ക്കല്ല, കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നേതാക്കള്‍ക്കാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചവരാണ് അവര്‍. അവര്‍ക്ക് നിര്‍ദ്ദേശം നല്കാന് പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജനനന്മ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത്. നയങ്ങള്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടികള്‍ക്ക് പ്രധാന പങ്കുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടികളുടെ സംഘടനാ സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറ വയ്ക്കില്ലെന്നും സുധീരന് പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങളെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: