കോട്ടയം: 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കോട്ടയത്ത് അഞ്ചുദിവസമായി നടന്ന സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ സിപിഐയിലും വിഭാഗീയത രൂക്ഷമാകുന്നു. സിപിഐയുടെ ചരിത്രത്തിലാദ്യമായി സെക്രട്ടറിപദത്തിലേക്ക് മത്സരം നടക്കുന്ന സ്ഥിതിവരെ എത്തിയ കാഴ്ചയും കോട്ടയം സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
മത്സരരംഗത്തുണ്ടായിരുന്ന ഇരുവിഭാഗങ്ങളുടെയും നേതാക്കള്‍ പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിരുന്നുവെന്ന് പറഞ്ഞെങ്കിലും അപ്പോഴും മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന്റെ പിരിമുറുക്കം ഇവരുടെ ശരീരഭാഷകളില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല. സിപിഐ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന പതിവില്ലെന്നും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് വിഭാഗീയതയായി പ്രചരിപ്പിക്കുന്നുവെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ ഭാഷ്യം. എന്നാല്‍ ഇതിനിടയിലും സംസ്ഥാന സെക്രട്ടറിയായി കെ.ഇ. ഇസ്മയിലിന്റെ പേര് ഉയര്‍ന്നുവന്നതായി നേതൃത്വത്തിന് സമ്മതിക്കേണ്ടിയും വന്നു.
സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന സംസ്ഥാന കൗണ്‍സിലിലേക്ക് തങ്ങളുടെ പക്ഷത്തുള്ളവരെ തെരഞ്ഞെടുത്തെത്തിക്കാന് ഇരുപക്ഷവും കച്ചമുറുക്കിയതോടെ വിഭാഗീയത ജില്ലകളിലേക്കും പടര്‍ന്നു. ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിലൂടെ മത്സരം ഒഴിവാക്കിയെടുത്തെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം ചാരം മൂടിയ കനലുകളായി അവശേഷിക്കുമെന്നാണ് സൂചന.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തെ വകവച്ചുകൊടുക്കാത്ത സിപിഐ നേതാക്കളുടെ പിന്തുടര്ച്ചക്കാരനാണ് കാനം രാജേന്ദ്രന് എന്ന് അണികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം സിപിഎമ്മിന്റെ നിര്ബന്ധബുദ്ധികള്ക്ക് വഴങ്ങുന്ന ശൈലിയാണ് മറുവിഭാഗത്തിന്റേതെന്നാണ് ആക്ഷേപം. കെ.ഇ. ഇസ്മയില്‍ സെക്രട്ടറിയായി വരണമെന്ന് സിപിഎം നേതൃത്വവും താത്പര്യപ്പെടുന്നുണ്ടെന്നും പ്രതിനിധികള്‍ തന്നെ സൂചിപ്പിച്ചിരുന്നു. സിപിഐയിലും വിഭാഗീയത വളര്‍ത്തിയെടുക്കുന്നതില്‍ സിപിഎമ്മിനും കാര്യമായ പങ്കുണ്ടെന്നാണ് സൂചന. അതിന് ഉപോദ്ബലകമായി സിപിഎം ആജ്ഞാനുവര്‍ത്തികള്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം തന്നെ അണികള്‍ ചൂണ്ടിക്കാട്ടുകയും മാധ്യമങ്ങളോട് സമ്മേളനവേദിക്കു പുറത്ത് കലഹിക്കുകയും ചെയ്തു. അണികളുടെ പ്രതിഷേധം ഒരുഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റമായും വളര്‍ന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇതില്‍ പരസ്യമായി മാപ്പുപറയുകയും ചെയ്തു.
സംസ്ഥാന സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്റെ പേരാണ് ഉയര്‍ന്നുവന്നത്. സമ്മേളനം പുരോഗമിച്ച് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെത്തിയപ്പോഴേക്കും കെ.ഇ. ഇസ്മയില്‍ വിഭാഗം ശക്തിയാര്‍ജ്ജിച്ചു. ഇതോടെ സംസ്ഥാന കൗണ്‍സിലില്‍ ഇസ്മയില്‍ വിഭാഗത്തിന് ആധിപത്യം ഉണ്ടാവുകയും ചെയ്തു. സംസ്ഥാന നേതൃതലത്തിലുണ്ടായ വിഭാഗീയത വരും നാളുകളില്‍ താഴേത്തട്ടുകളിലേക്കും പടരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: