കോഴിക്കോട്: ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവായ തോട്ടഭൂമികള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തുണ്ടുവല്ക്കരിക്കുന്നതോ തരം മാറ്റുന്നതോ തടഞ്ഞുകൊണ്ട് സംസ്ഥാന ലാന്റ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു.
ഭൂപരിഷ്കരണ നിയമത്തിലെ 81 വകുപ്പ് പ്രകാരം ഇളവ് നേടിയ ഭൂമി പ്രസ്തുത ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ തരംമാറ്റുന്നത് തടഞ്ഞുകൊണ്ട് 2015 ഫെബ്രുവരി 13 ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ലാന്റ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്ലാന്റേഷന്, വ്യാവസായം, വാണിജ്യം, വിദ്യാഭ്യാസം, ചാരിറ്റബിള്‍ സംഘടനകള്‍ എന്നിവയ്ക്ക് ഇളവ് നല്കിയ ഭൂമി തരം മാറ്റിയിട്ടുണ്ടെങ്കില്‍ അത്തരം തരംമാറ്റം വരുത്തിയ ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കി സീലിംഗ് പരിധിയിലധികം വരുന്ന ഭൂമിയെ സെക്ഷന്‍ 87 പ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിക്കുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. തോട്ടഭൂമികളെ സംബന്ധിച്ച സുപ്രധാന ഉത്തരവായി ഇത് മാറും. ഇതനുസരിച്ച് നടപടികളെടുക്കാന്‍ അതത് ലാന്‍ഡ് ബോര്‍ഡുകളെ ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കുമ്പോള്‍ ഇളവു നല്കിയ ഭൂമിയുടെ നിലവിലെ അവസ്ഥ മാത്രം പരിഗണിച്ചാല്‍ മതിയാകുമെന്നും ഉടമസ്ഥത പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. ഏത് സംരംഭത്തിനാണ് ഇളവ് അനുവദിച്ചത് ആ സംരംഭത്തിന് മാത്രമേ ഇളവു തുടരാന്‍ കഴിയൂ.
ഭൂപരിഷ്കരണ നിയമപ്രകാരം ഇളവനുവദിച്ച ഭൂമി പൂര്‍ണമായോ ഭാഗികമായോ ആരുടെ കൈവശമായിരുന്നാലും കൈവശക്കാരന് ഇളവ് നല്കിയ കാര്യത്തിന് മാത്രമായേ വിനിയോഗിക്കാവൂ എന്ന് ഹൈക്കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമം അനുവദിച്ച ഇളവ് നഷ്ടപ്പെടുത്തിയാല്‍ ഏത് സീലിംഗ് കേസും ഏത് സമയത്തും സെക്ഷന്‍ 87 പ്രകാരം പുനരാരംഭിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വിധി വ്യക്തമാക്കുന്നു.
വന്‍കിട തോട്ടങ്ങള്‍ 5 സെന്റും 10 സെന്റും വരെ ചെറുഖണ്ഡങ്ങളായി മുറിച്ചു വില്‍ക്കുന്ന നടപടി ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തയെ പരാജയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം കൈമാറ്റങ്ങള്‍ സെക്ഷന്‍ 120 എ പ്രകാരം റജിസ്റ്ററിംഗ് അതോറിറ്റി മുഖേന ജില്ലാ കലക്ടര്‍ മുന്‍കൂര്‍ തടയേണ്ടതാണെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കേസുകളില്‍ ജില്ലാ ഭരണാധികാരികള്‍ നടപടികള്‍ എടുക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിട്ടുണ്ട്.
തരം മാറ്റിയ ഭൂമി ആരുടെ കൈവശമായിരുന്നാലും എത്രകാലപ്പഴക്കമുള്ളതായാലും സെക്ഷന്‍ 87 പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട മിച്ചഭൂമിയാണെന്ന കാര്യം ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ലാന്‍ഡ് ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനകം തരം മാറ്റിയ ഭൂമി കണ്ടെത്തുന്നതിനായി അടിയന്തര ഫീല്‍ഡ് സര്‍വേ നടത്തും.
ഇളവനുവദിച്ച ഭൂമിയില്‍ മറ്റാവശ്യങ്ങള്‍ക്കായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിനോ വൈദ്യുതി കണക്ഷന് എടുക്കുന്നതിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ വൈദ്യുതി ബോര്‍ഡിലേക്കോ റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി. മേരിക്കുട്ടിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ നിരവധി തോട്ടഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ക്കായി പതിച്ചു നല്കിയ നടപടികളാണ് ഇതുവഴി അസാധുവാക്കപ്പെടുന്നത്. സര്‍ക്കാര്‍ പിന്തുണയോടെ തോട്ടഭൂമി മുറിച്ചു വിറ്റ് കോടികള്‍ നേടിയ കുത്തക കമ്പനികള്‍ക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നല്‍കിയിരിക്കുന്നത് കനത്ത തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: