കുട്ടനാട്: ബാര്‍ കോഴ കേസില്‍ അഴിമതി ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണിയെ പിന്തുണയ്ക്കുകയും സമുദായ നേതാവായ ബാലകൃഷ്ണപിള്ളയെ അവഹേളിക്കുകയും ചെയ്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ നിലപാടില്‍ കുട്ടനാട്ടിലെ സമുദായ നേതാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന നെടുമുടി, ചമ്പക്കുളം പഞ്ചായത്ത് മേഖലാ കമ്മറ്റി യോഗത്തില്‍ വിവിധ കരയോഗം ഭാരവാഹികളും താലൂക്ക് യൂണിയന് പ്രതിനിധികളും സുകുമാരന്‍നായരുടെ നിലപാടിനെതിരെ രംഗത്തെത്തി.
അനവസരത്തില്‍ പ്രതികരിച്ച് സുകുമാരന്‍നായര്‍ സമുദായത്തിന്റെ അന്തസ് കളഞ്ഞതായി പലരും ആരോപിച്ചു. മാണി അഴിമതിക്കാരനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും അല്ലാതെ നായര്‍ സമുദായ നേതൃത്വമല്ലെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെതിരെ പ്രാദേശിക സമുദായ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്താനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: