മാവേലിക്കര: നഗരസഭാ ഭരണം സിപിഎമ്മിന് ലഭിച്ചെങ്കിലും ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ലീലാ അഭിലാഷിന്റെ വോട്ട് അസാധുവായതിന്റെ നാണക്കേടില്‍ സിപിഎം. ഇത് സിപിഎമ്മില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ലീലാ അഭിലാഷിനെതിരെ നടപടി വേണമെന്ന് പാര്‍ട്ടികമ്മറ്റിയില്‍ ആവശ്യപ്പെടുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം ചില സിപിഎം കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ചത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
2010ല്‍ കൗണ്‍സിലിന്റെ തുടക്കത്തില്‍ നഗരസഭയില്‍ ഇരുമുന്നണികള്‍ക്കും 13 വീതവും ബിജെപിക്ക് രണ്ടും സീറ്റായിരുന്നു ഉണ്ടായിരുന്നത്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ബിജെപി വിട്ടു നിന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഉത്തമന്റെ വോട്ട് അസാധുവായതോടെ കോണ്‍ഗ്രസിലെ അഡ്വ. കെ.ആര്. മുരളീധരന് ചെയര്‍മാനായി. ലീലാ അഭിലാഷായിരുന്നു ഇടതു മുന്നണിയുടെ ചെയര്മാന് സ്ഥാനാര്‍ത്ഥി.
ഉത്തമന് മനപൂര്‍വ്വം വോട്ട് അസാധുവാക്കിയതാണെന്ന് ആരോപിച്ച് ലീലാ അഭിലാഷ് കൗണ്‍സില്‍ ഹാളില്‍ വച്ചു തന്നെ ഉത്തമന്റെ രാജി എഴുതി വാങ്ങി സെക്രട്ടറിക്ക് നല്കി. തുടര്‍ന്ന് ഈ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗം ഗുരുലാല്‍ വിജയിച്ചു. ബാലറ്റു പേപ്പറിന്റെ പിന്നില്‍ പേര് എഴുതി ഒപ്പിടാതിരുന്നതാണ് ഉത്തമന്റെ വോട്ട് അസാധുവായത്. അതേ കാരണം തന്നെയാണ് ഇന്നലെ ലീലാ അഭിലാഷിന്റെ വോട്ടും അസാധുവായത്.
ഉത്തമനെ നിര്‍ബന്ധപൂര്‍വ്വം രാജിവപ്പിച്ച ലീലാ അഭിലാഷ് ചെയര്‍പേഴ്സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവയ്ക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സിപിഎം കൗണ്‍സിലര്‍മാര്‍ വോട്ട് അസാധുവാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി സജി ചെറിയാന് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ ജില്ലാ നേതൃത്വം തയ്യാറാകണമെന്നാണ് ലീലയെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: