ആലപ്പുഴ: ഹിന്ദുഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ഉദ്ബോധനവുമായി ജില്ലാ ഹിന്ദുമത സമ്മേളനം. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദുമഹാ സമ്മേളനം ഹൈന്ദവാചാര്യന്മാരുടെയും നേതാക്കളുടെയും സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദ ദീപം തെളിച്ചതോടെയാണ് സമ്മേളന നടപടികള്‍ തുടങ്ങിയത്. മുഹമ്മ വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമങ്ങളിലും ആചാര്യന്മാരുടെ അടുത്തുമെത്തി ഹൈന്ദവ ധര്‍മ്മത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പഠിക്കാന്‍ പുതുതലമുറ തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് യുവതലമുറയ്ക്ക് ഉപദേശങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ല. ഇതിന്റെ കുഴപ്പങ്ങളും വര്‍ദ്ധിക്കുകയാണ്. ഹൈന്ദവ ധര്മ്മത്തെക്കുറിച്ചറിയുന്ന തലമുറയെ വാര്‍ത്തെടുക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.
സംബോധ് ഫൗണ്ടേഷന് മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദുധര്‍മ്മം നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹിന്ദു വോട്ട് ബാങ്കെന്ന് ആദ്യമായി പറഞ്ഞത് സ്വാമി ചിന്മയാനന്ദനായിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ തയാറായതെന്നും സ്വാമി പറഞ്ഞു.
ഹിന്ദുഐക്യമെന്നാല് ഹിന്ദുസമത്വമാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഹിന്ദുക്കള്‍ രാഷ്ട്രീയമായി അസംഘടിതരാണ്. രാഷ്ട്രീയ ബോധമുള്ളവരായി ഹിന്ദുസമൂഹം മാറണം. ജാതിരഹിത സമൂഹമല്ല, ജാതിസമത്വ സമൂഹമാണ് ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വോളിബോള്‍ ആചാര്യനും പ്രമുഖ പരിശീലകനും എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റുമായ കലവൂര്‍ എന്‍.ഗോപിനാഥിനെ വിഎച്ച്പി സംസ്ഥാന സംഘടനാ കാര്യദര്‍ശി എം.സി. വത്സന് പൊന്നാടയണിയിച്ച് ആദരിച്ചു. വിഎച്ച്പി വിഭാഗ് സെക്രട്ടറി കെ. ജയകുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, വിഎച്ച്പിസംസ്ഥാന സെക്രട്ടറി വി.ആര്. രാജശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷനും വിഎച്ച്പി ചെങ്ങന്നൂര്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ. പ്രതാപ് ജി.പടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും വിഎച്ച്പി വിഭാഗ് സെക്രട്ടറിയുമായ പി.ആര്. ശിവശങ്കരന് സ്വാഗതവും ജില്ലാ സെക്രട്ടറി വി.ആര്.എം. ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: