മാന്നാര്‍: ക്ഷീരകര്‍ഷകന്റെ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിട്ടും നടപടിയെടുക്കാത്ത അധികാരികള്‍ക്കെതിരെ പ്രതിഷേധം. ചാലയുവജനസമിതി പ്രവര്‍ത്തകരും, ക്ലാസിക് ഹ്യൂമന്‍ റൈറ്റസ് സൊസൈറ്റിയും, കളരിക്കല്‍ യുവജനസമിതിയും, നാട്ടുകാരും സംയുക്തമായി ചത്ത ആടുകളെ ഉന്തുവണ്ടിയില്‍ കയറ്റി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ ചാലേവടക്കതില് സി.എം. ജോസിന്റെ നാല് ആടുകളെയാണ് പത്തോളം വരുന്ന നായ്ക്കള്‍ കടിച്ച് കൊന്നത്. പശുവിനെ ആക്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ബഹളം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും നായ്ക്കള്‍ ആക്രമിക്കുമെന്ന സ്ഥിതിവന്നതോടെ വീടിനുള്ളിലേക്ക് രക്ഷപെട്ടു. സാമ്പത്തിക പരാധീനതകളും രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ജോസും കുടുംബവും ആടിന്റെയും പശുവിന്റെയും പാലുവിറ്റാണ് ജീവിക്കുന്നത്. ജോസിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, എംഎല്‍എ, എംപി, തൃതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനം നല്കാന് യോഗം തീരുമാനിച്ചു.
സുഭാഷ് കിണറുവിള, സന്തോഷ് ചാല, അജി വര്‍ഗീസ്, പ്രശാന്ത്, സുപ്രഭ, ഹരിലാല്‍, സുജി, സജി സങ്കീര്‍ത്തന, ലക്ഷ്മി, അനഘ, പാര്‍വ്വതി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. ചെന്നിത്തല തെക്ക് ചക്കുംമൂട് ജങ്ഷന് ചാലാ മഹാദേവക്ഷേത്രം റോഡില്‍ സന്ധ്യകഴിഞ്ഞാല്‍ തെരുവ് നായക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ നിരവധി തവണ അധികാരികള്‍ക്ക് പരാതിനല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: