ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രസിദ്ധീകരിച്ച മീഡിയാ ഹാന്‍ഡ് ബുക്ക് അബദ്ധ പഞ്ചാംഗമായി മാറി. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും മത്സര വേദികളിലേക്കുള്ള ദൂരത്തെ കുറിച്ചുള്ള വിവരങ്ങള്‍ തീര്‍ത്തും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റോവിങ്, കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ നടക്കുന്ന ആലപ്പുഴയിലെ വേമ്പനാട് കായലിലെ വേദിയിലേക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നെത്താന്‍ 38 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയെന്നാണ് ഹാന്‍ഡ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 80 കിലോമീറ്ററിലേറെ ദൂരമുണ്ട്. കൂടാതെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴയിലെത്താന്‍ കേവലം അഞ്ച് കിലോമീറ്ററും സൗത്ത് സ്റ്റേഷനില്‍ നിന്നാണെങ്കില്‍ രണ്ട് കിലോമീറ്ററും യാത്ര ചെയ്താല്‍ മതിയെന്നുമാണ് ബുക്കില്‍ അച്ചടിച്ചിരിക്കുന്നത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ 40 കിലോമീറ്റര്‍ സഞ്ചരിക്കണമെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏഴ് കിലോമീറ്ററോളം യാത്ര ചെയ്താല്‍ മത്സരവേദിയിലെത്താന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം.
മീഡിയാ ഹാന്‍ഡ് ബുക്കിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും യാത്ര ചെയ്താല്‍ പെരുവഴിയിലാകുമെന്നുറപ്പ്. കൂടാതെ മീഡിയാ കിറ്റിന്റെ പേരിലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീഡിയാ കിറ്റ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നെങ്കിലും ആലപ്പുഴയിലടക്കം മാധ്യമ പ്രവര്‍ത്തകര്‍ മീഡിയാ കിറ്റ് കണ്ടിട്ടുപോലുമില്ല. പ്രസ് ക്ലബുകള്‍ കേന്ദ്രീകരിച്ച് മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവും പാഴായി. ദേശീയ ഗെയിംസിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി എത്ര കോടിയുടെ അഴിമതി നടന്നുവെന്ന യാഥാര്‍ത്ഥ്യം പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: