അമ്പലപ്പുഴ: ലോട്ടറി ടിക്കറ്റ് തിരുത്തി പോലീസ് ഉദ്യോഗസ്ഥന് 2,000 രൂപ തട്ടിയെടുത്തു. മൂകനായ ലോട്ടറി വില്പനക്കാരന്റെ പക്കല്‍ നിന്നും പുന്നപ്ര സ്വദേശിയായ ഗ്രേഡ് എസ്ഐയാണ് നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തത്. ഒടുവില്‍ ലോട്ടറി വില്പനക്കാരന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ തുക തിരികെ നല്കി. ഏതാനും ദിവസം മുമ്പ് കപ്പക്കട ജങ്ഷനിലായിരുന്നു സംഭവം. മൂകനായ ലോട്ടരി വില്‍പ്പനക്കാരന്റെ പക്കല്‍ ബൈക്കില്‍ സിവില്‍ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് 2,000 രൂപ സമ്മാനം അടിച്ചിട്ടുണ്ടെന്നും തുക നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
സംശയം തോന്നിയ ലോട്ടറി വില്പനക്കാരന് ഇയാള്‍ വന്ന ബൈക്കിന്റെ നമ്പര്‍ കുറിച്ചുവച്ചു. ടിക്കറ്റി ലോട്ടറി ഓഫീലില്‍ ഹാജരാക്കിയപ്പോള്‍ നമ്പര്‍ തിരുത്തിയതാണെന്ന് ബോദ്ധ്യപ്പെട്ടു. വില്പനക്കാരന് വിവരം സമീപത്തെ സ്റ്റേഷനില്‍ ബൈക്കിന്റെ നമ്പര്‍ സഹിതം പരാതി നല്കി. എന്നാല്‍ ബൈക്കിന്റെ നമ്പര്‍ അറിഞ്ഞ മറ്റു പോലീസുകാര്‍ തട്ടിപ്പു നടത്തിയത് സഹപ്രവര്‍ത്തകനാണെന്ന് കണ്ടെത്തി. ഇയാളെ സ്റ്റേഷനില്‍ വിളിപ്പിച്ച് അടിച്ചുമാറ്റിയ തുക തിരികെ വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുവാനോ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനോ പോലീസ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: