അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജി-1, ജി-2 കെട്ടിടങ്ങള്‍ ബുധനാഴ്ച രോഗികള്‍ക്കായി തുറന്ന് കൊടുക്കും. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടം തിരിഞ്ഞിരുന്ന ആശുപത്രിയിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിക്കാതിരുന്ന ക്യാന്‍സര്‍ വിഭാഗത്തിലെ ലീനിയര്‍ ആക്സിലേറ്റര്‍ യന്ത്രം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ കെട്ടിടങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. നിലവില്‍ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിഭാഗങ്ങളാണ് പുതിയ കെട്ടിടത്തിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുതിയ അഡ്മിഷനുകളായെത്തുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ചയോടെ മാത്രമെ വാര്‍ഡുകളുടെ പ്രവര്‍ത്തനം പൂര്ത്തിയാകുയുള്ളൂ. ഇതോടെ ഈ വാര്‍ഡിലെ തിരക്ക് നിയന്ത്രിക്കാനാകും. മെഡിസിനും അനുബന്ധവിഭാഗങ്ങള്, നെഞ്ചുരോഗം, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ 13 മുതല്‍ 17 വാര്‍ഡുകളായാണ് പുതിയ കെട്ടിടത്തിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ജി-1, ജി-2, എച്ച്-1, എച്ച്-2, ഐ-1, ഐ-2 ബ്ലോക്കുകളിലെ താഴത്തേത് ഉള്‍പ്പെടെ നാല് നിലകളിലായി 1,200 കിടക്കകളുടെ സൗകര്യങ്ങളാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളത്. ഇതില്‍ ഒന്നു മുതല്‍ അഞ്ച് വരെ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഐ 1, ഐ 2 ബ്ലോക്കില്‍ നാനൂറും, എച്ച്-1, എച്ച്-2 ബ്ലോക്കില്‍ നാനൂറും കിടക്കകളാണുള്ളത്. ജി-1, ജി-2 ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ 1200 കിടക്കകളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമാകും. പുതിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ജീവനക്കാരുടെ എണ്ണം പഴയത് പോലെ തന്നെയാണ്. നഴ്സ്, അസി. നഴ്സ് തുടങ്ങിയ തസ്തകകളിലേക്ക് താത്ക്കാലിക നിയമനങ്ങള്‍ നടത്തിയെങ്കിലും അറ്റന്‍ഡര്‍മാരുടെ എണ്ണം കൂട്ടിയിട്ടില്ല. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: