ആലപ്പുഴ: കയര്‍മേഖലയെ ആധുനികവത്കരിച്ച് ലോകത്തെ ഏതു മത്സരവും നേരിടാന്‍ സജ്ജമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കയര്‍കേരള 2015ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കയര്‍മേഖലയിലെ തൊഴിലാളികളുടെ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേഖലയില്‍ പണിയെടുക്കുന്ന പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചകിരിനാരിന്റെ ലഭ്യതക്കുറവ് കയര്‍ വ്യവസായത്തെ ബാധിക്കുന്നു.
ചകിരിനാരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കയര്‍വകുപ്പ് സമര്‍പ്പിച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് സര്‍വപിന്തുണയും നല്‍കും. ചെറുകിട സംഘങ്ങള്‍ വായ്പ ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കയര്‍മേഖലയ്ക്ക് പുത്തനുണര്‍വു നല്‍കാനും വിപണന പ്രശ്നത്തിന് പരിഹാരം കാണാനും കയര്‍കേരള പ്രയോജനപ്പെട്ടു. ഓരോ വര്‍ഷം കഴിയുന്തോറും കയര്‍കേരളയുടെ പ്രാധാന്യവും പങ്കാളിത്തവും ബിസിനസും കൂടുന്നു. മേഖലയുടെ വളര്‍ച്ചയ്ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയിലുള്ള തൊഴിലാളികള്‍ക്കുകൂടി ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 110 രൂപ ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി സര്‍ക്കാര്‍ നല്കുന്നു. ഇത് സ്വകാര്യമേഖലയിലും നടപ്പാക്കുന്നതിന് പണമില്ലാത്തതല്ല പ്രശ്നം. ബന്ധപ്പെട്ടവരാരും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സാങ്കേതിക പ്രശ്നം മാത്രമാണ് ഇക്കാര്യത്തിലുള്ളത്.
ചകിരിനാരിന്റെ ഉത്പാദനം 25,000 മെട്രിക് ടണ്ണില്‍ നിന്ന് 40,000 മെട്രിക് ടണ്ണാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഡീഫൈബറിങ് യന്ത്രം കയര്‍ യന്ത്രനിര്മാണ ഫാക്ടറിയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി. 5717 ഇലക്ട്രോണിക് റാട്ടുകള്‍ സംഘങ്ങള്‍ക്ക് വിതരണം ചെയ്തു. അത്യാധുനിക ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രം നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.
രാജ്യാന്തരപവലിയനില് 100 സ്റ്റാളുകളും ദേശീയ പവലിയനില്‍ 150 സ്റ്റാളുകളും ഉണ്ട്. പൊതുപ്രദര്‍ശനത്തില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള 50 പ്രദര്‍ശകര്‍ ഉള്‍പ്പെടെ 275 പ്രദര്‍ശകര്‍ പങ്കെടുക്കും. രാവിലെ പത്തുമണിമുതല്‍ രാത്രി ഒമ്പതു വരെ ദേശീയ പവലിയനില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനമുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് എസ്ഡിവി മൈതാനത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഇഎംഎസ് സ്റ്റേഡിയത്തില്‍ സമാപിച്ചു. ഫെബ്രുവരി അഞ്ചിനു വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: