ആലപ്പുഴ: തദ്ദേശീയമായ പ്രശ്നങ്ങള്‍ക്കു മുന്‍തൂക്കം നല്കി ശാസ്ത്ര ഗവേഷണത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള 27-ാമത് കേരള ശാസ്ത്രകോണ്‍ഗ്രസ് ആലപ്പുഴ പാതിരപ്പള്ളി കാംലോട്ട് കണ്വെന്ഷന് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമയബന്ധിതമായതും ഗുണനിലവാരമുള്ളതും ഉപയോഗപ്രദവുമായ സാങ്കേതിക വിദ്യകള്‍ ത്വരിതഗതിയില്‍ വികസിപ്പിക്കണം. പരമ്പരാഗതവ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിന് നവീനമായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും ഇത്തരം വ്യവസായ സ്ഥാപനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ കേരളത്തിന്റെ സമഗ്ര വ്യവസായ വികസനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.
കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ചെയര്‍പേഴ്സണ്‍ ഡോ. ടെസി തോമസ് മുഖ്യപ്രഭാഷണം നടത്തി. മികച്ച ഗവേഷണ റിപ്പോര്‍ട്ടിന് ഏര്‍പ്പെടുത്തിയ ഡോ. എസ്. വാസുദേവ് അവാര്‍ഡ് ഡോ. പി.പി. ലിസിമോള്‍ക്ക് എംപി നല്കി. യുവ ശാസ്ത്രജ്ഞര്ക്കുള്ള അവാര്‍ഡിന് അര്‍ഹരായ ഡോ. ഉത്പല്‍ മന്ന, ഡോ. രാജീവ് എന്‍. കിനി, ഡോ. റെജി വര്‍ഗീസ്, ഡോ. കെ.എന്‍. ഉമ, ഡോ. എന്‍. സെല്‍വരാജ്, ഡോ. കെ.എസ്. സന്തോഷ് കുമാര്‍, ഡോ. ബിനോദ് പരമേശ്വരന്, ഡോ. വന്ദന ശങ്കര്‍ എന്നിവര്‍ക്ക് അമ്പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും എംപി വിതരണം ചെയ്തു. ശാസ്ത്രകോണ്‍ഗ്രസിന്റെ ഗവേഷണപ്രബന്ധങ്ങളുടെ സംഗ്രഹത്തിന്റെ നടപടിക്രമം ഡോ. ടെസ്സി തോമസിനും പരമ്പരാഗതവ്യവസായങ്ങളെ കുറിച്ചുള്ള സംക്ഷിപ്തപ്രസിദ്ധീകരണം ഡോ. റ്റി. രാമസാമിക്കും നല്കി എം.പി. പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: