മാന്നാര്‍: അപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെ രക്ഷിക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവും സിപിഎം ലോക്കല്‍ സെക്രട്ടറിമാരും രംഗത്തെത്തി.
കുട്ടംമ്പേരൂര്‍ സ്വദേശിയായ യുവതിയാണ് മനസാക്ഷിയെ ഞെട്ടികുന്ന പീഡന ശ്രമത്തിന് ഇടയായത്. പോലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവായ എണ്ണയ്ക്കാട് വടക്കുംമുറി രാജേഷ് ഭവനത്തില്‍ ശരത്കുമാര് (25), എസ്എഫ്ഐ ചെറിയനാട് എസ്എന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി ഇലഞ്ഞിമേല്‍ അജിത്ത് ഭവനത്തില്‍ അജിത്ത് (20) എന്നിവരെ രക്ഷിക്കാനാണ് ജനപ്രതിനിധികൂടിയായ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് രാവിലെ മുതല്‍ സ്റ്റേഷനില്‍ നിലയുറപ്പിച്ചത്. ഒപ്പം രണ്ടു ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തി.
എന്നാല്‍ പരാതിയില്‍ യുവതിയുടെ ബന്ധുക്കള്‍ ഉറച്ചു നിന്നതും, പോലീസിന്റെ ശക്തമായ നിലപാടുമാണ് നേതാക്കള്‍ക്ക് പ്രതികൂലമായത്. സ്ത്രീ പീഡനത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന് നടത്തിയ സമരങ്ങളില്‍ പ്രധാന പ്രാസംഗികയായിരുന്നു വനിതാ നേതാവ്. ഈ നേതാവാണ് അപകടത്തില്‍ പരിക്കേറ്റ് പ്രതികരിക്കാന്‍ പോലും കഴിയാതെ കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാനായി സ്റ്റേഷനില്‍ മണിക്കൂറുകളോളം കാത്തുനിന്നത്.
സംഭവത്തില്‍ പ്രതിയായ ഡിവൈഎഫ്ഐ ഇലഞ്ഞിമേല്‍ യൂണിറ്റ് സെക്രട്ടറി ഇലഞ്ഞിമേല്‍ ചെറുതറയില് വീട്ടില്‍ കിരണ്‍കുമാര്‍ (24) ഒളിവിലാണ്. ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള നീക്കങ്ങള്‍ ചില സിപിഎം നേതാക്കള്‍ ആരംഭിച്ചതായാണ് സൂചന. കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള സമ്മര്‍ദ്ദവും നേതാക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ചെലുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: