ഹരിപ്പാട്: വാഹനപരിശോധനക്കിടെ മാരാകായുധങ്ങളുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെ പിടികൂടി. ചെറുതന സ്വദേശി അനീഷ് (29), ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് മഹേഷ് ഭവനത്തില്‍ മഹേഷ് (28), താമല്ലാക്കല്‍ തെക്ക് പുത്തന്‍പീടികയില്‍ സതീഷ് (32), അകംകുടി പൈംങ്കാലില് വടക്കതില്‍ മോഡി പി.തോമസ് (29), താമല്ലായ്ക്കല്‍ പെട്ടിത്തറ തെക്കേതില്‍ സുരാജ് (30) എന്നിവരെയാണ് ഹരിപ്പാട് സിഐ: ടി. മനോജും എസ്ഐ: എം.കെ. രാജേഷ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടിയത്.
വര്‍ഷങ്ങളായി തെളിയാതെ കിടന്ന കൊലപാതകം, പിടിച്ചുപറി ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങളിലെ കണ്ണികളാണെന്ന് ചോദ്യം ചെയ്യലിനിടെ തെളിഞ്ഞു. 2010 ജൂലൈ 17ന് ഹരിപ്പാട് മണ്ണാറശാല രാഗം വീട്ടില്‍ സത്യന്റെ ഷാപ്പിനടുത്ത് സത്യന്റെ ആറ് പവന് മാല പൊട്ടിച്ചെടുത്ത് ടൗണ്‍ഹാള്‍ ജങ്ഷനിലുള്ള കടയില്‍ വില്‍പ്പന നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.
2007ല്‍ താമരക്കുളത്ത് നടത്തിയിരുന്ന നൂറാട് ജുവലറി ഉടമയെ ആക്രമിച്ച സംഭവത്തിലും പിടിയിലായവര്‍ കണ്ണികളായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജയകുമാറിന്റെ കൊലപാതകത്തിലും പിടിയിലായ അനീഷിനെ രണ്ടാംപ്രതിയാക്കിയതായി പോലീസ് വ്യക്തമാക്കി. 2008 ജനുവരിയില്‍ മാവേലിക്കരയിലെ ഇലക്ട്രിക് ഷോപ്പ് നടത്തിയിരുന്ന ബെന്നിജോണിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലും ഇവര്‍ പ്രതികളാണ്. പത്തനംതിട്ടയില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ നടത്തിയ ക്വട്ടേഷന്‍ ആക്രമണം നടത്തിയത് ഇവരുടെ നേതൃത്വത്തിലായിരുന്നുവെന്ന് വ്യക്തമായതായി സിഐ: ടി. മനോജ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: വിനോദ്പിള്ളയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ ഇല്യാസ്, സന്തോഷ്, നെവിന്, സുരേഷ് കൃഷ്ണ, മോഹന്‍കുമാര്‍, മുജീബ് എന്നിവരും ഹരിപ്പാട് സിഐയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ അശോകന്, സജി, നിഷാദ്, സിദ്ദിഖ്, ശരത്, സുരേഷ്, രാധാകൃഷ്ണന് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: