തുറവൂര്‍: കുത്തിയതോട് നിന്നും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയില്‍ കുത്തിയതോട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. ദീര്‍ഘദൂര സൂപ്പര്‍, ഫാസ്റ്റ് പാസഞ്ചര്‍, എക്സ്പ്രസുകള്‍ ഇവിടെ നിര്‍ത്തുമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കപ്പെടുന്നില്ല.
കുത്തിയതോട് ആരെങ്കിലും ഇറങ്ങാനുണ്ടെങ്കില്‍ മാത്രമേ ബസുകള്‍ നിര്‍ത്തൂ എന്ന സ്ഥിതിയാണ്. ദിവസവും നൂറ് കണക്കിന് പേര് യാത്രചെയ്യുന്ന ഇവിടെ കൃത്യസമയത്ത് ബസ് കിട്ടാതെ വലയുകയാണ്. ഇതുമൂലം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. കെഎസ്ആര്‍ടിസി സര്‍വ്വീസുകളെയാണ് ഇവിടെ ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത്.
ഈ സബ് സ്റ്റേഷനില്‍ നിന്നും ആലുവ, തോപ്പുംപടി, ഫോര്‍ട്ട്കൊച്ചി, എറണാകുളം വൈറ്റില ഭാഗങ്ങളിലേക്ക് നേരത്തെ നടത്തിയിരുന്ന സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. ചേര്‍ത്തലയില്‍ നിന്നും കുത്തിയതോട്ടിലേക്ക് രാത്രി 10.30നുള്ള അവസാന സര്‍വ്വീസ് പലപ്പോഴും മുടങ്ങുന്നുണ്ട്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും, ബാങ്കുകളും പ്രവര്‍ത്തിക്കുന്ന ഇവിടെ യാത്രാക്ലേശം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കുത്തിയതോട് സബ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ തുടങ്ങണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: