രാകേഷ് പി. നായര്‍
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം അമ്മുവിന്റെ പേരിലും അഴിമതി. അമ്മു വേഴാമ്പലിനെ സൃഷ്ടിച്ച ശില്പിക്ക് തുച്ഛമായ തുക നല്കിയ ശേഷം ഗെയിംസ് കമ്മിറ്റി തങ്ങള്‍ക്ക് വേണ്ടപ്പെട്ട പരസ്യ ഏജന്‍സികള്‍വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആക്ഷേപം.
നെയ്യാര്‍ഡാം ദയയില്‍ രാകേഷ് പി. നായരെയാണ് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം രൂപകല്പനചെയ്യാന് നിയോഗിച്ചത്. ഗെയിംസിന്റെ പ്രചരണ ചുമതല സംസ്ഥാന ചലച്ചിത്ര അക്കാദമിക്കായിരുന്നു. അന്നത്തെ ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്ന പ്രിയദര്‍ശനും ഡെപ്യൂട്ടി ഡയറക്ടര്‍ ഗാന്ധിമതി ബാലനും ചേര്‍ന്നാണ് രാകേഷിന് ഗെയിംസിന്റെ സിഈഒ ജേക്കബ് പുന്നൂസിനെ പരിചയപ്പെടുത്തിയത്.
സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ 1996 മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന രാകേഷിന് ദേശീയഗെയിംസിന്റെ ഭാഗ്യചിഹ്നം വരയ്ക്കുവാനുള്ള ചുമതലഏല്പിക്കുകയായിരുന്നു. രാപ്പകലില്ലാതെ ദിവസങ്ങളോളം കഠിനാധ്വാനം നടത്തിയാണ് രാകേഷ് ഭാഗ്യചിഹ്നമായ വേഴാമ്പലിന് രൂപം നല്‍കിയത്. പക്ഷേ നാടൊന്നടങ്കം ആവേശത്തോടെ നെഞ്ചേറ്റിയ അമ്മുവിന്റെ ശില്പിക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും അവഗണനയല്ലാതെ മറ്റൊന്നും കിട്ടിയില്ല. റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ നിന്നുപോലും രാജ്യം അംഗീകരിച്ച ഈ കലാകാരനെ മാറ്റി നിര്‍ത്തിയ ഗെയിംസ് കമ്മിറ്റിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായി രാകേഷ് ആദ്യം സൃഷ്ടിച്ചെടുത്തത് ഒരു ആണ്വേഴാമ്പലിനെയായിരുന്നു. പാത്രസൃഷ്ടി കഴിഞ്ഞ് അവസാന മിനുക്കു പണി നടക്കുമ്പോഴാണ് ദല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ ദാരുണ അന്ത്യം നടക്കുന്നത്. അങ്ങനെ ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നത്തെ നിര്‍ഭയയുടെ സ്മരണ നിലനിര്‍ത്തി പെണ് വേഴാമ്പലാക്കി മാറ്റി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. വീണ്ടും ദിവസങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ക്കൊടുവില്‍ അമ്മു വേഴാമ്പല്‍ പിറവിയെടുക്കുകയായിരുന്നു.
ദേശീയ ഗെയിംസ് കമ്മിറ്റിക്ക് അയച്ചുകൊടുത്ത ഭാഗ്യചിഹ്നത്തിന് വൈകാതെ പ്രദര്‍ശനാനുമതി ലഭിച്ചു. മുഖ്യമന്ത്രി ഭാഗ്യ ചിഹ്നത്തിന് അമ്മുവെന്ന് നാമകരണം ചെയ്തു. നാട് സ്വീകരണ മാമാങ്കങ്ങളൊരുക്കി അമ്മുവിനെ എഴുന്നെള്ളിച്ചുതുടങ്ങിയതോടെ ശില്പി പടിക്കുപുറത്തായി. ഓരോ ഗെയിമിനും പ്രത്യേക അംഗ ചലനങ്ങളോടെ അമ്മുവിനെ 45 രീതിയിലാണ് രാകേഷ് വരച്ചുനല്‍കിയത്.
അമ്മുവിന്റെ ആദ്യ മാസ്റ്റര്പ്രിന്റിന് 10000 രൂപയാണ് ഗെയിംസ് കമ്മിറ്റി രാകേഷിന് നല്‍കിയത്. 45 വിവിധ ഭാവങ്ങളിലുള്ള ഭാഗ്യചിഹ്നം രൂപകല്പന ചെയ്തതിന് 60000 രൂപയാണ് രാകേഷിന് പ്രതിഫലമായി ലഭിച്ചത്. പരസ്യങ്ങളില്‍ രാകേഷ് വരച്ച അമ്മുവിനെ പ്രദര്‍ശിപ്പിച്ച ഗെയിംസ് കമ്മിറ്റി പിന്നീട് ശില്പി അറിയാതെ മറ്റൊരു സ്വകാര്യ പരസ്യ ഏജന്‍സിയെ കൊണ്ട് നേരിയ നിറവെത്യാസങ്ങള് വരുത്തി ഭാഗ്യചിഹ്നത്തെ വികൃതമാക്കി പ്രദര്ശിപ്പിക്കുവാന് തുടങ്ങി. തന്റെ ഭാവനയില്‍ വിരിഞ്ഞ ഭാഗ്യ ചിഹ്നത്തെ രൂപമാറ്റം വരുത്തിയത് തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണെന്ന് രാകേഷ് പറയുന്നു.
അമ്മുവിനെ വികൃതമാക്കിയ വകയില്‍ സ്വകാര്യ പരസ്യ കമ്പനി ഗെയിംസ് കമ്മിറ്റിയുടെ അറിവോടെ തട്ടിയെടുത്തത് ലക്ഷങ്ങളാണെന്ന് രാകേഷ് പറയുന്നു. പ്രതിഫലത്തേക്കാള്‍ അംഗീകരിക്കപ്പെടുമെന്ന വിശ്വാസത്തില്‍ തുശ്ചമായ തുക വാങ്ങിയാണ് രാകേഷ് അമ്മുവിന് നിറം പകര്‍ന്നത്. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ അവഗണിക്കുന്നതാണ് ഈ കലാകാരനെ വേദനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: