ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഒരുവിഭാഗം നഴ്സുമാര്‍ക്ക് മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ല. 2013 ജൂണ്‍ അഞ്ചിനാണ് പനിവാര്ഡുകളിലേക്കായി 20 നഴ്സുമാരെ നിയമിച്ചത്. ഇവര്‍ക്കൊപ്പം ഒരു ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്നീഷ്യന്, നാല് അറ്റന്‍ഡര്‍മാര്‍ എന്നിവരെ നിയമിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവര്‍ക്കെല്ലാം കൃത്യമായി ശമ്പളം നല്കി.
ആദ്യം നാലുമാസത്തേക്കായിരുന്നു നിയമനം. ഇതിനായി 100 രൂപയുടെ മുദ്രപ്പത്രത്തില്‍ ബോണ്ടു വയ്പിക്കുകയും ചെയ്തു.കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15ന് സേവന കാലാവധി 2015 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. തുടര്‍ന്നാണ് ശമ്പളം നല്കുന്നതില് തടസം നേരിട്ടത്. പനിവാര്ഡുകളില് മാത്രം ജോലി ചെയ്താല്‍ മതിയെന്നാണ് ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നതെങ്കിലും മറ്റു വിഭാഗങ്ങളിലും ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്.
ഫണ്ടില്ലെന്ന പേരിലാണ് ഇപ്പോള്‍ ശമ്പളം മുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഫാര്‍മസിസ്റ്റ് അടക്കമുള്ള മറ്റ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കുന്നുണ്ട്. 20 നഴ്സുമാരില്‍ 17 പേരാണ് നിലവില്‍ ജോലിക്ക് എത്തുന്നത്. മൂന്നുപേര്‍ ജോലി ഉപേക്ഷിച്ചു. ശമ്പളം മുടങ്ങിയതോടെ ഇവര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: