തിരുവനന്തപുരം: നൂറ്റാണ്ടുകളായി താമസിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് നല്‍കാതെയാണ് ഇന്നലെവന്ന് കയ്യേറിയവര്‍ക്ക് സര്‍ക്കാര്‍പട്ടയം നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഇടുക്കിയില്‍ രണ്ടുവര്‍ഷം മുന്‍പ് 28,000 ഹെക്ടര്‍ സ്ഥലമാണ് കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയത്.
ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രവര്‍ഗ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1971 ലെ ആദിവാസി ഭൂനിയമം കാറ്റില്‍പ്പറത്തി ഒരുതുണ്ട് പുകയില നല്കി പലരും ഭൂമി കൈവശപ്പെടുത്തി. ചതിയിലൂടെയാണ് ആദിവാസികളില്‍നിന്ന് ഭൂമി തട്ടിയെടുത്തത്. ആദിവാസികള്‍ ഭൂസമരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇടുക്കിയില്‍ കൈവശക്കാര്‍ക്ക് രേഖ നല്‍കിയത്.
ബിജെപി മാത്രമാണ് അന്ന് അതിനെ എതിര്‍ത്തത്. 1971 നു ശേഷമുള്ള നിയമവിരുദ്ധമായ ക്രയവിക്രയം നിയമവിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തുവരികയാണ്. ആദിവാസികള്‍ക്കു വേണ്ടത് ഭൂമിയുടെ അവകാശമാണ്. അത് ലഭിക്കുന്നതുവരെ ശക്തമായി പോരാടാന്‍ ബിജെപി ഒപ്പമുണ്ടാകുമെന്നും വി.മുരളീധരന് ഉറപ്പുനല്‍കി.
നാഷണല്‍ ട്രൈബ്സ് ഫ്രണ്ട്, അഖില തിരുവിതാംകൂര്‍ മലഅരയമഹാസഭ, മലഅരയസംരക്ഷണസമിതി, മലഅരയ ക്രിസ്ത്യന്‍ ഫെഡറേഷന്,തായ്ക്കുലം, മന്നാന്‍ സമുദായസംഘം, പളിയ സമുദായ സംഘടന, മുതുവാന്‍ സമുദായസംഘം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെക്രട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടന്നത്. ധര്‍ണയില്‍ ആദിവാസി ഗോത്രവര്‍ഗ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.ഗംഗാധരന്, നാഷണല്‍ ട്രൈബ്സ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി പി.കെ.ശശി, വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആര്.ജനാര്ദ്ദനന്, തായ്കുലം പ്രസിഡന്റ് ഭഗവതിരംഗന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: