ചേര്‍ത്തല: ഒറ്റത്തടിയില്‍ തീര്‍ത്ത ചെറിയ കൊതുമ്പ് വള്ളം, തേക്ക് ചക്രം, നന്നങ്ങാടി മുതല്‍ പുതിയ തലമുറയ്ക്ക് കേട്ടറിവ് പോലും ഇല്ലാത്ത പുരാതന വസ്തുക്കളുടെ പ്രദര്‍ശനം ഒരുക്കി വെള്ളിയാകുളം ഗവ. യുപി സ്കൂള്‍ ശ്രദ്ധയാകര്‍ഷിച്ചു. സ്ക്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആണ് സ്ക്കൂളില്‍ പുരാവസ്തുക്കള്‍, വിവിധ സ്റ്റാമ്പുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചത്.
സ്കൂളിന്റെ പ്രവേശന കവാടത്തില്‍ തന്നെ ഒറ്റത്തടിയില്‍ തീര്‍ത്ത ചെറുവള്ളവും, കൂറ്റന്‍ തേക്ക് ചക്രവും ഒരുക്കിയിരുന്നു. ഉള്ളിലേക്ക് കടന്നാല്‍ 200 വര്‍ഷത്തിനപ്പുറം പഴക്കമുള്ള പുരാവസ്തുക്കളുടെ വലിയ ശേഖരം തന്നെ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഉരവി, നെട്ടൂര്‍പെട്ടി, തടി ഉരല്, കാക്കകോല്, പഴയകാല സംഗീത ഉപകരണങ്ങള്‍, തിരികല്ല്, ആട്ട് തൊട്ടില്, വെള്ളിക്കോല്, മരത്തവികള്‍, വിത്ത് വിതറി ഉള്‍പ്പെടെയുള്ള പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ എല്ലാം കാഴ്ചക്കാര്‍ക്ക് വിസ്മയമായി.
സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദര്‍ശനത്തിനൊപ്പം ഭക്ഷ്യമേളയിലെ എല്ലാ വിഭവങ്ങളും മേള തുടങ്ങി ഉടന്‍ വിറ്റുപോയി. കക്കയിറച്ചി അച്ചാര്‍, കോളിഫ്ലവര്‍ ബജി മുതല്‍ കേരളത്തിന്റെ തനതു രുചിയും വിദേശ ഭക്ഷണവും മേളയില്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍ വിരുന്നൊരുക്കി. ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുരുന്നുകളാണ് ഭക്ഷ്യമേള ഒരുക്കിയത്. വാര്‍ഡ് മെമ്പര്‍ വെള്ളിയാകുളം പരമേശ്വരന് മേള ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് പുഷ്പന് അദ്ധ്യക്ഷത വഹിച്ചു. അംബികാദേവി, സന്തോഷ്കുമാര്‍, കെ.ഡി. ഷൈലജ, ടി.എസ്. ബിന്ദുമോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: