ചെങ്ങന്നൂര്‍: പുലിയൂര് മഹാവിഷ്ണുക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് പകല്‍പ്പൂരത്തിന് എഴുന്നള്ളിക്കാന്‍ എത്തിച്ച ആന വിരണ്ടത് പരിഭ്രാന്തി പരത്തി. പിന്നീട് ആനയെ തളച്ചശേഷമാണ് പുരം നടന്നത്. ചാന്നാനിക്കാട്ട് കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള വിജയസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.
പകല്‍പ്പൂരത്തിന് എഴുന്നള്ളിക്കുന്നതിനായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ദേവസ്വം ഓഫീസിന് സമീപം നെറ്റിപ്പട്ടം കെട്ടുന്നതിനിടയിലാണ് ആനവിരണ്ടത്. സമീപം നിന്നിരുന്ന ഒന്നാംപാപ്പാന് കുഞ്ഞുമോനെ തുമ്പിക്കൈകൊണ്ട് അടിച്ചിടുകയായിരുന്നു. ആനയ്ക്ക് മുകളില്‍ ഇരുന്ന് നെറ്റിപ്പട്ടം കെട്ടിയിരുന്ന രണ്ടാം പാപ്പാന് സതീശന് ആനയെ മയക്കുവെടിവച്ച് തളയ്ക്കുന്നതുവരെ ആനയ്ക്ക് മുകളില്‍ ഇരുന്നത് ഭീതി പരത്തി.
ക്ഷേത്രക്കുളത്തിന് സമീപം നിലയുറപ്പിച്ച ആന ഇവിടെ നിന്നിരുന്ന അഞ്ചോളം തെങ്ങുകള്‍ കുത്തിമറിച്ച് ഇടുകയും, കിണറിന്റെ ആള്‍മറയും, മതിലും ലൈറ്റുകള്‍ സ്ഥാപിച്ചിരുന്ന പോസ്റ്റുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ എഴുന്നള്ളത്തിനായി എത്തിച്ച മറ്റ് ആറ് ആനകളെയും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി സമീപപറമ്പുകളില് തളയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലത്തുനിന്നും ദയ എലിഫന്റ് സ്ക്വാഡ് എത്തുകയും, ആദ്യമയക്കുവെടി വച്ചിട്ടും ആനയെ തളയ്ക്കാന്‍ കഴിഞ്ഞില്ല. മയക്കുവെടിവച്ച് ആറുമണിയോടെയാണ് ആനയെ തളച്ചത്. ഇതിനുശേഷം ഒരുമണിക്കൂറോളം പൂരം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: