ആലപ്പുഴ: കോമ്പൗണ്ടിങ് ടാക്സില്‍ 10 ശതമാനം തിരികെ കൊടുക്കുന്ന വിധത്തില്‍ തട്ടിക്കിഴിക്കല്‍ നടത്തി 2014-15ലെ കോമ്പൗണ്ടിങ് നികുതി അടയ്ക്കാന്‍ മന്ത്രി കെ.എം. മാണി വന്‍കിട കുത്തക സ്വര്‍ണ വ്യാപാരികള്‍ക്ക് സംസ്ഥാന ബജറ്റില്‍ സൗകര്യം ചെയ്തു കൊടുത്തതില്‍ സംസ്ഥാന സര്‍ക്കാരിന് 100 കോടി രൂപയെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായതായി രാഷ്ട്രീയകാര്യ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ സെക്രട്ടറി വി. രാജേന്ദ്രന് ആരോപിച്ചു. ഇതുസംബന്ധിച്ച് സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ബാര്‍ കോഴ ഇടപാടിനെ വെല്ലുന്ന വന്‍ കോഴ ഇടപാട് പുറത്തുവരും. സത്യാവസ്ഥ പുറത്തുവരുന്നത് വരെ ധനമന്ത്രി കെ.എം. മാണിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും വി. രാജേന്ദ്രന് ആവശ്യപ്പെട്ടു.
ശമ്പള പരിഷ്കരണം നടപ്പാക്കുക, 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെന്ഷന് പ്രായം 60 വയസാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ ഫെറ്റോ നടത്തിയ ജില്ലാ വാഹന പ്രചരണജാഥ കുട്ടനാട് സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന സെക്രട്ടറി ശശികുമാര്‍ ജാഥാ ക്യാപ്റ്റന്‍ എ. പ്രകാശന് പതാക കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ബിന്ദു, കെ. മധു, ജില്ലാ സെക്രട്ടറി എല്‍. ജയദാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.ടി. ജയപാലന്, ജോസ് സെബാസ്റ്റിയന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് മുഖ്യപ്രഭാഷണം നടത്തി. ഫെറ്റോ ജില്ലാ പ്രസിഡന്റ് ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ. മധു സ്വാഗതവും ട്രഷറര്‍ ഷിനില്‍കുമാര്‍ നന്ദിയും പറഞ്ഞു. രണ്ടാംദിവസത്തെ ജാഥ ചൊവ്വാഴ്ച രാവിലെ ഹരിപ്പാട് നിന്നാരംഭിച്ച് വൈകിട്ട് മാവേലിക്കരയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: