ഹരിപ്പാട്: മുതുകുളത്ത് സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടാസംഘം വ്യാപകമായി അക്രമം അഴിച്ചുവിട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുകയും മൂന്ന് വീടുകളും മൂന്ന് കാറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐക്കാരായ പത്തുപേര്‍ക്കെതിരെ കനകകുന്ന് പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് മുതുകുളം പുളിയറ ജംഗങ്ഷനില് ആശുപത്രിയില്‍ പോയി മടങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകരായ മുതുകുളം ആടപ്പള്ളി വീട്ടില്‍ അമല്‍ (18), ജയേഷ് ഭവനത്തില്‍ ജയേഷ് (23), മഹേഷ് ഭവനത്തില്‍ മനോജ് (22) എന്നിവരെ ഒരുസംഘം ഡിവൈഎഫ്ഐക്കാര്‍ അക്രമിക്കുകയായിരുന്നു. അമലിനെ മഴു ഉപയോഗിച്ചുള്ള വെട്ടേറ്റ നിലയിലും മറ്റു രണ്ടുപേരെ തലക്ക് മര്‍ദ്ദനമേറ്റ നിലയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമി സംഘം രാത്രിയോടെ ബിജെപി മുന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും 1839-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റും ഇലങ്കം ഗ്രാമസേവാസമിതി പ്രസിഡന്റുമായ പുളിയറ മഹാദേവന്റെ വീടിന്റെ ജനലിന്റെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പിന്നീട് പാണ്ടവര്‍കാവ് ജങ്ഷനിലുള്ള അനില്‍കുമാറിന്റെ വീട്ടിലെ ജനലുകളും കാറിന്റെ ചില്ലുകളും പൂര്‍ണമായി തകര്‍ത്തു. സംഘപരിവാര്‍ പ്രവര്‍ത്തകനായ അച്ചുവിന്റെ വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്തു. പിന്നീട് മഹേഷിന്റെ വീടിന്റെ മുന്നില്‍ കിടന്ന കാറും അക്രമികള്‍ തകര്‍ത്തു.
വിവരം അറിഞ്ഞ് കായംകുളം ഡിവൈഎസ്പി ദേവമനോഹര്‍, കായംകുളം സിഐ: കെ.എസ.് ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ കനകകുന്ന്, കരീലകുളങ്ങര, തൃക്കുന്നപ്പുഴ, കായംകുളം എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയതോടെ അക്രമികള്‍ രക്ഷപെട്ടു. ഒരുവര്‍ഷമായി സിപിഎമ്മുകാര്‍ മുതുകുളത്ത് അക്രമം അഴിച്ചു വിടുകയാണ്. വിജയദശമി ദിനത്തില്‍ നടന്ന റൂട്ട് മാര്‍ച്ചിന് നേരെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞിരുന്നു. കഴഴിഞ്ഞ ദിവസം അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് ശ്യാം, അജിത്ത്, അമല്‍, തുടങ്ങിയവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 10 സിപിഎമ്മുകാരെ പ്രതികളാക്കി കനകകുന്ന് പൊലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: