അമ്പലപ്പുഴ: കുന്നുമ്മ പടിഞ്ഞാറ് ബ്ലോക്ക് പാടത്ത് നെല്ലെടുപ്പ് പാതിവഴിയില്‍ മുടങ്ങി. 125 ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത് 48 ഓളം കര്‍ഷകരാണ് വിത്തു വിതച്ചത്. എന്നാല്‍ വിളവെടുപ്പ് കഴിഞ്ഞ് സപ്ലൈകോ എടുത്തത് ഇരുപത്തിനാലോളം കര്‍ഷകരുടെ നെല്ല് മാത്രമാണ്. നെല്ലെടുപ്പിന്റെ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പകുതി നെല്ലെടുത്ത് സപ്ലൈകോ അധികൃതര്‍ സ്ഥലംവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 20 ദിവസത്തിലധികമായി ആയിരത്തോളം ക്വിന്റല്‍ നെല്ല് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നു. കര്‍ഷകര്‍ ഇതോടെ ആശങ്കയിലായി.
രണ്ടാം കൃഷിയിറക്കിയ പാടത്ത് മടവീഴ്ചയെ തുടര്‍ന്ന് കൃഷി പൂര്‍ണമായും നശിക്കുകയും പിന്നീട് വെള്ളം വറ്റിച്ച് സര്‍ക്കാര്‍ നല്കിയ വിത്ത് വിതച്ചാണ് വിളവെടുപ്പ് നടത്തിയത്. ആദ്യം വന്ന നഷ്ടം ഇതില്‍ നികത്താമെന്ന് പ്രതീക്ഷിച്ച് വിത്തിറക്കിയ കര്‍ഷകര്‍ക്ക് സപ്ലൈകോയുടെ നടപടി ഇരുട്ടടിയായി. കടം വാങ്ങിയും സ്വര്‍ണം പണയം വച്ചും ഇറക്കിയ കര്‍ഷകര്‍ വീണ്ടും കടക്കെണിയിലായിക്കഴിഞ്ഞു. അടിയന്തരമായി ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: