ആലപ്പുഴ: മാലിന്യങ്ങള്‍ നിറഞ്ഞ് ഇടത്തോടുകളിലെ ഒഴുക്കു നിലച്ചു. ആലപ്പുഴ നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള മാലിന്യങ്ങളും തോടുകളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ജനജീവിതം ദുസഹമായി. സിവില്‍ സ്റ്റേഷന്, സക്കറിയാ ബസാര്‍, ലജനത്ത്, ബീച്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന വിവിധ ഇടത്തോടുകളിലാണ് മാലിന്യങ്ങള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് ഒഴുക്ക് നിലച്ചത്.
സക്കറിയ ബസാര്‍ വാര്‍ഡിലെ ചെമ്പകശേരി പുരയിടത്തില്‍ നിന്നാരംഭിച്ചു മറ്റുമൂന്നു വാര്‍ഡുകളിലൂടെ ഒഴുകി അയ്യപ്പന് പൊഴിയില്‍ അവസാനിക്കുന്ന യാഫി തോട് മാലിന്യം നിറഞ്ഞ് രോഗവാഹിയായ നിലയിലാണ്. പ്രദേശത്തെ പല വീടുകളിലെയും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും തോട്ടിലേക്കാണു തള്ളുന്നത്. മുന്‍കാലങ്ങളില്‍ തോടിനുണ്ടായിരുന്ന വീതി ഇപ്പോള്‍ നിലവിലില്ല. കൈയേറ്റങ്ങള്‍ പലയിടങ്ങളിലും നടന്നതുമൂലം തോടിന്റെ സ്ഥിതി പലയിടങ്ങളിലും പരിതാപകരമാണ്. മഴക്കാലത്തുപോലും ഈ തോടിലൂടെ വെള്ളമൊഴുക്കു സുഗമമല്ല. പലപ്പോഴും തോടിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ വെള്ളക്കെട്ടിലാകുന്നതും പതിവാണ്.
പ്രദേശത്തു റോഡു പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഒരുകൂട്ടം ആളുകള്‍ തങ്ങളുടെ വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡിനടിയിലൂടെ പൈപ്പ് സ്ഥാപിച്ചു തോട്ടിലേക്കു ഒഴുക്കുന്നതായും ആക്ഷേപമുണ്ട്. ഇതുകൂടാതെ എസ്. ബാബ മൂപ്പന് തോട്, മുഖാം തോട്, കുഞ്ഞിപ്പതോട് എന്നിവിടങ്ങളിലൊക്കെ മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്കു നിലച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് നഗരസഭയ്ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നിരവധി തവണ പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിനില്‍ക്കുന്ന ജലം ഒഴുകിപ്പോകുന്നതിനായി പതിറ്റാണ്ടുകള്‍ മുമ്പു നിര്‍മിച്ച തോടുകള്‍ മുന്‍കാലങ്ങളില്‍ കൃത്യമായി പരിപാലിച്ചിരുന്നെങ്കിലും രണ്ടുപതിറ്റാണ്ടിലേറെയായി അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറില്ലെന്ന് പരാതിയുണ്ട്.
മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന തോടുകളിലെ ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ വൈകിയാല്‍ വീണ്ടുമൊരു സാംക്രമിക രോഗ ബാധയ്ക്ക് ആലപ്പുഴ ഇരയായേക്കും. സക്കറിയ ബസാറില്‍ യാഫി തോടില്‍ മാലിന്യം നിറഞ്ഞ് ജനജീവിതം ദുസഹമായപ്പോഴും അതു പരിഹരിക്കാതെ സ്വന്തക്കാര്‍ക്ക് റോഡ് നിര്‍മ്മിച്ചു നല്‍കുന്നതിലും മറ്റുമാണ് ജനപ്രതിനിധികള്‍ക്ക് താല്‍പ്പര്യമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: