ആലപ്പുഴ: സമ്പൂര്‍ണ പെന്ഷന് ജില്ലയെന്ന പ്രഖ്യാപനം കടലാസ്സില്‍ ഒതുങ്ങി. അറുപതിനായിരത്തിലധികം പേരുടെ അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും ഇതുവരെയും ആര്‍ക്കും പെന്ഷന് നല്‍കാനായില്ല. അപേക്ഷ സ്വീകരിക്കുന്ന നടപടി ആരംഭിച്ചിട്ട് ഒരുവര്‍ഷത്തിലേറെയായി. തീര്പ്പുകല്പിക്കാന് സാധിക്കാത്തതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണം.
സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പെന്ഷന് ജില്ലയായി പ്രഖ്യാപിച്ചത് ആലപ്പുഴയെ ആയിരുന്നെങ്കിലും മറ്റ് ജില്ലകളിലെ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇവിടെ നടപടികള്‍ പിന്നിലായി. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കെല്ലാം ഏതെങ്കിലും തരത്തില്‍ പെന്ഷന് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ പിന്നീട് വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയിരുന്നു. മുമ്പ് മൂന്നുലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച് വാങ്ങിച്ച് തീര്‍പ്പ് കല്‍പ്പിച്ച അപേക്ഷകള്‍ വീണ്ടും പുനഃപരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെയാണ് നടപടിക്രമങ്ങള്‍ അവതാളത്തിലാക്കിയത്.
ഇതേത്തുടര്‍ന്ന് വീണ്ടും അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. വാര്ധക്യപെന്ഷനുവേണ്ടിയുള്ള അപേക്ഷകളായിരുന്നു ലഭിച്ചവയില്‍ ബഹുഭൂരുപക്ഷവും. ഇതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥക്ക് നിയമപരമായി അധികാരമില്ല.
റവന്യൂ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് തീര്‍പ് കല്പിക്കേണ്ടത്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി നാല്പതിനായിരത്തിലധികം അപേക്ഷകള്‍ വാര്ധക്യപെന്ഷനായി സമര്‍പ്പിച്ചിരുന്നു. ഇവ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഈ മാസം മുതല്‍ പെന്ഷന് സംബന്ധിച്ച എല്ലാ അപേക്ഷകളിലും പഞ്ചായത്ത് ഓഫീസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് പുതുതായി അപേക്ഷ നല്‍കുന്നവര്‍ക്ക് സഹായകമാകുമെങ്കിലും നിലവില്‍ അപേക്ഷ നല്‍കിയവരുടെ കാര്യത്തില്‍ എന്ന് നടപടികള്‍ സ്വീകരിക്കണമെന്നകാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: