ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിന്റെ പിറ്റേ ദിവസം നെല്ലിയാമ്പതിക്ക് ഉല്ലാസയാത്ര പോയതായി പ്രതികള്‍ അന്വേഷണ സംഘം മുന്‍പാകെ സമ്മതിച്ചു. കേസിലെ ഒന്നാം പ്രതി ലതീഷ് ബി. ചന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്ന മൊഴി രണ്ടാം പ്രതി പി. സാബു തിങ്കളാഴ്ചയും ആവര്‍ത്തിച്ചു. അതേ സമയം സംഭവ ദിവസം ഇരുവരും നടത്തിയ എട്ടു ഫോണ്‍ വിളികള്‍ എന്തിനാണെന്ന ചോദ്യത്തിന് സാബുവിന് മറുപടിയില്ലായിരുന്നു. സ്മാരകം തകര്‍ത്ത വിവരം പോലീസില്‍ അറിയിച്ചത് താനാണെന്നും സാബു സമ്മതിച്ചു.
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു ശേഷം പോലീസ് നായ സ്ഥലത്തെത്തിയപ്പോള്‍ കേസില്‍ പരാതിക്കാരനായ ദീപു സ്ഥലത്തു ഉണ്ടായിരുന്നില്ലെന്ന് മറ്റു പ്രതികളായ പ്രമോദും രാജേഷും മൊഴി നല്കി. തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. എസ്പി: ആര്.കെ. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച നാലു പേരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്. സ്മാരകം തകര്‍ത്ത കേസിലെ അഞ്ചു പ്രതികളും കീഴടങ്ങിയ സാഹചര്യത്തില്‍ സിപിഎമ്മിലെ രണ്ടാം നിര നേതാക്കളിലേക്ക് അന്വേഷണം നീളും. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: