ആലപ്പുഴ: മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന റവന്യൂ-സര്‍വ്വേ അദാലത്തില്‍ 57 വര്‍ഷമായി പരിഹരിക്കപ്പെടാതെ കിടന്ന അപേക്ഷകള്‍ തീര്‍പ്പാക്കി. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിനുപേരാണ് അദാലത്തില്‍ പരാതിപരിഹാരം തേടിയെത്തിയത്. വീടിനും ചികിത്സയ്ക്കും മറ്റുമായി 4.53 കോടി രൂപയുടെ സഹായമാണ് അദാലത്തിലൂടെ നല്‍കിയത്. അദാലത്തിലേക്ക് മുന്‍കൂര്‍ സ്വീകരിച്ച 39,541 അപേക്ഷകള്‍ തീര്‍പ്പാക്കി. വൈകിട്ട് അഞ്ചു വരെ ലഭിച്ച 1,155 അപേക്ഷകളാണ് മന്ത്രി നേരിട്ടു സ്വീകരിച്ച് നടപടിക്ക് നിര്‍ദേശം നല്‍കിയത്.
പോക്കുവരവ്, പട്ടയം, അതിര്‍ത്തി നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളായിരുന്നു കൂടുതല്‍. സ്ഥലം അനുവദിക്കാനും ചികിത്സാ സഹായം തേടിയും നൂറുകണക്കിന് അപേക്ഷകളാണ് സമര്‍പ്പിച്ചിരുന്നത്. ഭൂരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി നിരവധിപേര്‍ക്ക് സ്ഥലം ലഭ്യമാക്കാന്‍ നടപടിയായി. എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ദേശീയ കുടുംബക്ഷേമ പദ്ധതിയില്നിന്നുമുള്ള ധനസഹായവും പ്രകൃതിക്ഷോഭത്തില്‍ നഷ്ടം നേരിട്ടവര്‍ക്കുള്ള സഹായവും വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 4774 പേര്‍ക്കായി 3,65,83,382 രൂപയും പ്രകൃതി ക്ഷോഭത്തില്‍ മരണമടഞ്ഞ എട്ടു പേരുടെ ബന്ധുക്കള്‍ക്ക് 8,90,000 രൂപയും വീടു നഷ്ടപ്പെട്ട 1217 പേര്‍ക്ക് 53,12,060 രൂപയും വിതരണം ചെയ്തു. ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരം 208 പേര്‍ക്ക് 25,80,000 രൂപ വിതരണം ചെയ്തു.
എംഎല്‍എമാരായ തോമസ് ചാണ്ടി, പി.സി. വിഷ്ണുനാഥ്, അഡ്വ. എ.എം. ആരിഫ്, റവന്യൂ സെക്രട്ടറി ഇ.കെ. മാജി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, സര്‍വേ ഡയറക്ടര്‍ റ്റി. മിത്ര, റവന്യൂ ജോയിന്റ് കമ്മീഷണര്‍ ബി. മോഹനന്, കളക്ടര്‍ എന്‍.പത്മകുമാര്‍, എഡിഎം: റ്റി.ആര്. ആസാദ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: