തിരുവനന്തപുരം: വി.എം. സുധീരന്റെ രാഷ്ട്രീയയാത്ര ഇന്നലെ അവസാനിച്ചെങ്കിലും കോണ്‍ഗ്രസിലെ ബാര്‍വിവാദം തീര്‍ന്നിട്ടില്ല. മദ്യനയത്തില്‍ മാറ്റംവരുത്തേണ്ടെന്ന് സുധീരന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വിവാദം കൊടുമ്പിരികൊണ്ടു. കാസര്‍കോടുനിന്ന് ഒരുമാസം മുമ്പ് ആരംഭിച്ച യാത്ര സമാപിക്കുന്നത് കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടല്ല. മറിച്ച് കോട്ടങ്ങളേറെ വരുത്തിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തം പാര്ട്ടിക്കാര് വരുത്തിവച്ച വേലത്തരങ്ങളെപ്പറ്റി വിശദീകരിക്കേണ്ട ഗതികേടിലായിരുന്നു സുധീരന്. മിക്കപ്രസംഗങ്ങളിലും മുഖ്യമന്ത്രിയുടെയും സഹപ്രവര്‍ത്തകരുടെയും പ്രതികരണങ്ങള്‍ക്ക് മറുപടിപറഞ്ഞ് വാര്‍ത്ത സൃഷ്ടിക്കേണ്ടിവന്നു. ബാറുടമകളില്‍ നിന്ന് യാത്രക്ക് പണംപിരിച്ച് നാറേണ്ടിയും വന്നു.
സുധീരന്റെ യാത്രയെ സസ്യഭുക്ക് യാത്രയെന്നാക്ഷേപിച്ചത് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള അജ്ഞതയാണ് അങ്ങനെ പറയിപ്പിച്ചതെന്നായിരുന്നു സുധീരന്റെ പ്രതികരണം. സുധീരന് ബാര്‍വിരുദ്ധ വികാരം പ്രകടിപ്പിക്കുമ്പോള്‍ യാത്രയ്ക്ക് ബാര്‍ ഉടമകളില്‍നിന്ന് പണം പിരിച്ചതും വിവാദമായി. മദ്യരാജാക്കന്മാരുടെ പണംമാത്രമല്ല വോട്ടും വേണ്ടെന്ന സുധീരന്റെ പ്രഖ്യാപനത്തെ ഘടകകക്ഷികള്‍ മാത്രമല്ല മുഖ്യമന്ത്രിതന്നെ തള്ളി. സുധീരന്റെ യാത്രപൊളിക്കാന് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെല്ലാം ഒറ്റക്കെട്ടായി.
യാത്ര സമാപിക്കുമ്പോഴും സുധീരന് മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന വാദം തുടരുകയാണ്. പ്രശ്നങ്ങള്‍ പഠിച്ച് പ്രായോഗിക മാറ്റങ്ങള്‍ വരുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സുധീരനെതിരെ കോണ്‍ഗ്രസ് ഒന്നാകെ തിരിഞ്ഞിട്ടുണ്ട്. കോടതികളുടെ നിലപാടും വിധികളും അധിക്ഷേപിച്ചുള്ള സുധീരന്റെ നിലപാടിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മദ്യനയം സംബന്ധിച്ച സുധീരന്റെ നിലപാടിനോടുള്ള എതിര്‍പ്പ്മൂലം ജനപക്ഷയാത്ര കോണ്‍ഗ്രസുകാര്‍ തന്നെ പൊളിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ബാറുടമകളില്‍നിന്ന് പണംപിരിച്ചതിന്റെ വിവരങ്ങളുമായി കൂടുതല്‍ പേര് രംഗത്ത് വന്നിട്ടുമുണ്ട്. എക്സൈസുകാരുടെ ഒത്താശയോടെ തൃശ്ശൂര്‍,എറണാകുളം ജില്ലകളില്കള്ളുഷാപ്പുകളില്നിന്നും വ്യാപക പണപ്പിരിവ് നടത്തി. രസീത് കൊടുത്തും കൊടുക്കാതെയും പണംപറ്റി എന്ന വെളിപ്പെടുത്തലുകളുംവന്നു. ഇതെല്ലാം യാത്രയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നടത്തിയ കളികളാണെന്നാണ് സുധീരപക്ഷക്കാര് ആരോപിക്കുന്നത്.
മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സുധീരന്റെ തിരുത്തലും പുതിയപോരിലേക്ക് വഴിതുറക്കുകയാണ്. മദ്യനയം ടൂറിസം മേഖലയെ തകര്‍ക്കുന്നുവെന്ന ഹോട്ടലുടമകളുടെ നിവേദനം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മദ്യനയത്തില്‍ അയവുവരുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ മദ്യനയത്തിന്റെ പ്രായോഗികതയുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ പുതുതായി ഉയര്ന്നുവന്നവയല്ലെന്നാണ് സുധീരന്റെ വാദം. ഇത്തരം പ്രശ്നങ്ങള്‍കൂടി ചര്‍ച്ചചെയ്തശേഷമാണ് മദ്യനയത്തിന് രൂപംകൊടുത്തത്. നയംമാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. അതേസമയം ടൂറിസത്തിന്റെപേരില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആവശ്യമെങ്കില്‍ പരിശോധന ആവാമെന്നും സുധീരന് പറഞ്ഞു.
ടൂറിസത്തിന്റെ പേരില്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പില്ല. വിദേശികള്‍ എത്തുന്നത് മദ്യപിക്കാനാണെന്നത് തെറ്റായ പ്രചാരണമാണ്. 15ന് ചേരുന്ന യുഡിഎഫ് യോഗം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. ജനങ്ങള്‍ക്ക് എത്രമാത്രം ഗുണംചെയ്യുന്നുവെന്നതാവണം പ്രായോഗികതയുടെ അടിസ്ഥാനം. തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നത് തന്റെ രീതിയല്ല.ഒരു വ്യക്തി വിചാരിച്ചാല്‍ പ്രതിച്ഛായ ഉണ്ടാക്കാന്‍ കഴിയില്ല. ഓരോരുത്തരുടെയും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ജനമാണ് അത് തീരുമാനിക്കുന്നത്. എല്ലാവരും അവരവരുടെ പ്രതിച്ഛായ മോശമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സുധീരന് തുറന്നടിച്ചു. എന്തായാലും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ നന്നാക്കാന്‍ സുധീരന് തുടങ്ങിയ യാത്ര തീരുമ്പോഴേക്കും ഏറെ വികൃതമായി എന്നതാണ് ബാക്കി പത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: