തൃശൂര്‍: ഒരു ഇടവേളക്കുശേഷം തെരുവുനായകള്‍ക്ക് വെട്ടേറ്റസംഭവത്തില്‍ കേന്ദ്ര രഹസ്യന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. ആയുധപരീശിലനത്തിന്റെ ഭാഗമായി തന്നെയാണ് ഇത്തരം സംഭവം നടക്കുന്നതെന്ന സുചനയാണ് പോലീസിന് ലഭിച്ചത്. സംസ്ഥാന പോലീസും അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യങ്ങള്‍ മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അറിയുന്നു.
നേരത്തെ മലപ്പുറംജില്ലയില്‍ സമാനമായ രീതിയില്‍ നായക്കള്‍ക്ക് വെട്ടേറ്റപ്പോള്‍ കേന്ദ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധകൃഷ്ണന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും കൃത്യമായ അന്വേഷണം ഉണ്ടായില്ല. മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു അന്ന് അന്വേഷണ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും നായ്ക്കളെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം പുറത്തുവന്നിട്ടും ജില്ലയില്‍ ഇത് അന്വേഷിക്കുന്നതിന് സംഘത്തെ നിയോഗിച്ചിട്ടില്ല. നേരത്തെ വടക്കേക്കാട് എസ്.ഐയായിരുന്ന സജിന്‍ ശശിയെ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും അദ്ദേഹം നല്കിയ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്ന് അറിയുന്നു.
തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരുവുനായകള്‍ക്ക് വെട്ടേറ്റിരുന്നത്.സാധാരണ തെരുവ് നായ്ക്കള്‍ക്കാണ് വെട്ടേല്ക്കുക പതിവെങ്കിലും മുമ്പ് ത്യശൂരില്‍ ഒരുവീട്ടില്‍ വളര്‍ത്തിയ ഡോബര്മാന് നായയ്ക്ക് വെട്ടേറ്റിരുന്നു. ചില സംഘടനകള്‍ സംസ്ഥാനത്ത് രഹസ്യമായി സംഘടിപ്പിച്ചിരുന്ന പരിശീലന ക്യാമ്പുകളില്‍ കുതിരപ്പുറത്തും ബൈക്കുകളിലും സഞ്ചരിച്ച് പോത്ത്, നായ തുടങ്ങിയവയെ വെട്ടാനുള്ള പരിശീലനം നല്‍കിയതായി ഐബിക്കും സംസ്ഥാന പോലീസിനും നേരത്തേ വിവരം ലഭിച്ചിരുന്നു. പുതിയസംഭവം നാട്ടുകാരെ ആശങ്കയിഴാത്തിയിട്ടുണ്ട്.
അവിയൂര്‍ നാലാംകല്ല് റോഡ് പരിസരത്താണ് ആറ് മാസത്തോളം പ്രായമുള്ള തെരുവുനായ കഴുത്തില്‍ വെട്ടേറ്റ് പഴുത്തമുറിവുമായി പ്രത്യക്ഷപെട്ടത്. സംസ്ഥാന പോലീസിന്റെ ഡോഗ്സ്ക്വാഡ് വെട്ടേറ്റനായ്ക്കളെ കണ്ടെത്തിയ സ്ഥലങ്ങള്‍ പരിശോധിച്ചെങ്കിലും മതിയായ തെളിവൊന്നും ലഭിച്ചില്ല. പ്രത്യേകതരം കത്തികൊണ്ടാണ് നായ്ക്കള്‍ക്ക് വെട്ടേറ്റതെന്ന് പരിശോധനയില്‍ അന്ന് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: