ശബരീശ സന്നിധിയില്‍ അയ്യപ്പന് വെളളജമന്തി പുഷ്പംകൊണ്ട് തുലാഭാരം നടത്തുന്നു
ശബരിമല: തൃക്കാര്‍ത്തികനാള്‍ ശബരീശന് പുഷ്പംകൊണ്ടുള്ള ആദ്യ തുലാഭാരം നടന്നു. വഴിപാട് നേര്‍ന്ന അയ്യപ്പഭക്തനായ പരമേശ്വരന് ഇത് വര്‍ഷങ്ങള്‍ കാത്തിരുന്ന സ്വപ്നസാക്ഷാത്ക്കാരമാണ്. ഭഗവാന് ഇഷ്ടപ്പെടുന്നതെന്തും ഭക്തര്‍ക്ക് തുലാഭാരമായി നടത്താമെന്നും, എന്നാല്‍ ആദ്യമായാണ് സന്നിധിയില്‍ പുഷ്പംകൊണ്ടൊരു തുലാഭാരം നടക്കുന്നതെന്നും തന്ത്രി കണ്ഠരര് രാജീവരര് അറിയിച്ചു. ഇതിന് ഭാഗ്യം സിദ്ധിച്ചത് ചെന്നൈ, കുളത്തൂര്‍, ലക്ഷമീപുരത്ത് പരമേശ്വരനാണ്.
തന്റെ മകന് അയ്യപ്പന് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ഈ വഴിപാട് നേര്‍ന്നത്. തനിക്ക് ജനിച്ച ആദ്യത്തെ രണ്ട് കുട്ടികളും പെണ്കുട്ടികളായതിനാല് മൂന്നാമത് ജനിക്കുന്ന കുട്ടി ആണായാല്‍ അയ്യപ്പസന്നിധിയില്‍ എത്തി പുഷ്പംകൊണ്ട് തുലാഭാരം നടത്താം എന്നായിരുന്നു റെയില്‍വേയില്‍ മെക്കാനിക്കല്‍ ഉദ്യോഗസ്ഥനായ ഈ അച്ഛന്റെ നേര്‍ച്ച. തുടര്‍ന്ന് പരമേശ്വരനും ഭാര്യ വിശാലാക്ഷിക്കും ജനിച്ച ആണ്‍കുട്ടിക്ക് അവര്‍ അയ്യപ്പന് എന്നു പേരിടുകയുംചെയ്തു.
പന്നീട് വഴിപാടായിനേര്ന്ന തുലാഭാരം നടത്തുന്നതിനായി മകന്റെ അഞ്ചാം വയസ്സുമുതല്‍ എല്ലാ വൃശ്ചികമാസത്തിലും മകനോടൊപ്പം ഈ അച്ഛന് എത്തുന്നുണ്ടെങ്കിലും ഓരോ കാരണങ്ങളാലും മുടങ്ങുകയും വേദനയോടെ ഇരുവരും മലയിറങ്ങുകയുമായിരുന്നു. ഇത്തവണ തൃക്കാര്‍ത്തിക ദിവസം അതു സംഭവിക്കുകയായിരുന്നു. അതായത് അയ്യപ്പന്റെ 24-മത്തെ വയസ്സില്‍. 9350 രൂപയ്ക്ക് 85 കിലോഗ്രാം വെള്ളജമന്തി പുഷ്പങ്ങളാണ് തുലാഭാരത്തിനുപയോഗിച്ചത്. ഇന്നലെ പുലര്‍ച്ചെ നെയ്യഭിഷേകവും നടത്തിയാണ് പരമേശ്വരന് മകനോടൊപ്പം മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: