തിരുവനന്തപുരം: മദ്യനയത്തില്‍ നിലപാട് കടുപ്പിച്ച് വി.എം സുധീരന്. ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രായോഗിക പ്രശ്നങ്ങളും വിശദമായി പരഗിണിച്ചാണ് മദ്യനയമുണ്ടാക്കിയതെന്ന് വി.എം സുധീരന് പറഞ്ഞു. നയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണിത്. അതില്‍ ഏകപക്ഷീയമായി നടപടി താനെടുത്തിട്ടില്ലെന്നും സുധീരന് വ്യക്തമാക്കി.
തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തന്റെ രീതിയല്ലെന്നും സുധീരന് തിരുവനന്തപുരത്ത് പ്രതികരിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചത് ബാറുടമകള്‍ മാത്രമാണ്. മദ്യനയം ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചരണത്തില്‍ അര്‍ത്ഥമില്ല. ടൂറിസം എന്നത് മദ്യം മാത്രമല്ലെന്നും അവര്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാന്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിലെ കോടതിവിധികളെ നിയമപരമായി നേരിടുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കു ഗുണമുണ്ടാകുന്നതാണ് പ്രായോഗികത നയത്തിന് അനുകൂല കോടതി വിധിയുണ്ടാകാന്‍ പ്രയാസമില്ല. സര്‍ക്കാരിനെതിരെ ബാറുടമകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിലപ്പോയില്ല. ബാറുടമകളുടെ ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റുപിടിച്ചെങ്കിലും അത് അവര്‍ക്കു തന്നെ വിനയാവുകയാണു ചെയ്തത്.
ധനമന്ത്രി കെ.എം മാണിക്കെതിരായി ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ സി.പി.ഐ.എമ്മും സി.പി.ഐയും തര്‍ക്കമായി. 1964ലെ പിളര്‍പ്പിന് കാരണമായ തര്‍ക്കത്തിനു ശേഷം ഇടതുമുന്നണിയിലെ തര്‍ക്കം രൂക്ഷമായത് ഇപ്പോഴാണെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: