ആലപ്പുഴ: മരിച്ചുപോയ വ്യക്തിയുടെ പേരിലുള്ള വാഹനം അവകാശിയുടെ പേരില്‍ മാറ്റി നല്കാന് ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
മാന്നാര്‍ കുട്ടംപേരൂര്‍ കാരടക്കേതില് പ്രമോദ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. തന്റെ സഹോദരന് പ്രദീപ്കൃഷ്ണ മരിച്ചുപോയെന്നും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 01 ബിബി 8589 എന്ന ഇരുചക്രവാഹനം തന്റെ പേരിലേക്ക് മാറ്റാന്‍ അപേക്ഷ നല്കിയപ്പോള് അധികൃതര്‍ നിരസിച്ചെന്നുമാണ് പരാതി. വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റും നോട്ടറി അഫിഡവിറ്റും ഹാജരാക്കിയെന്നും പരാതിയില്‍ പറയുന്നു. ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ തന്നെ അറിയിച്ചതായും പരാതിയില്‍ പറയുന്നു.
കമ്മീഷന് ഗതാഗത കമ്മീഷണറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലീഗല്ഹെയര്ഷിപ്പ് സര്‍ട്ടിഫിക്കേറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ്, മരണപത്രം, പാര്‍ട്ട്ണര്‍ഷിപ്പ് ഡീഡ്, പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കേറ്റ് എന്നിവയില്‍ ഒരെണ്ണം ഹാജരാക്കിയാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുമെന്ന് ഗതാഗത കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയിലെ 2010 (2) കെഎല്‍ ടി 431 വിധിന്യായ പ്രകാരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രമോദ്കുമാര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം ഉടന്‍ മാറ്റി നല്‍കണമെന്ന് കമ്മീഷന് അംഗം ആര്. നടരാജന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: