ശബരിമല: സന്നിധാനത്ത് കരാര്‍ അടിസ്ഥാനത്തിലെത്തിയ ശൗചാലയ ശുചീകരണ തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്നു. 300 രൂപ ദിവസവേതനത്തില്‍ 98 പേരാണ് ശുചീകരണത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടുകാരാണ്.
കക്കൂസ് മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ഇവര്‍ക്ക് മണ്‍വെട്ടിയോ, കൈഉറകളോ, മാസ്ക്കോ നല്‍കിയിട്ടില്ല. മാലിന്യങ്ങള്‍ കൈകൊണ്ട് നീക്കം ചെയ്യേണ്ട ദുരവസ്ഥയിലാണ് തൊഴിലാളികള്‍. ഇത് ആരോഗ്യഭീഷണി ഉയര്‍ത്തിയേക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു. മാളികപ്പുറത്ത് പോലീസ് ബാരക്കിന് സമീപം ഷീറ്റ് കൊണ്ട് മറച്ച ചെറിയമുറിയാണ് ഇവര്‍ക്ക് താമസത്തിനായി നല്‍കിയിട്ടുള്ളത്. ഇവിടം പന്നികളുടെയും, ഇഴജന്തുക്കളുടെയും ആവാസകേന്ദ്രവുമാണ്.
ദേവസ്വം മെസ്സില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഇവര്‍ക്ക് പാസ് ഇതുവരെ അനുവദിച്ചിട്ടില്ല. ഇതിനാല്‍ ജോലിക്കിടയില്‍ അന്നദാന കേന്ദ്രങ്ങളിലെത്തി ഏറെ നേരം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു.
പൂങ്കാവനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി തൊഴിലാളികള്‍ക്ക് ആഹാരം ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ അധികൃതര്‍ നല്‍കുമ്പോഴാണ് 96 ശുചീകരണ കാരാര്‍ തൊഴിലാളികള്‍ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്നത്. മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കിലും ഭക്ഷണത്തിനുളള ക്രമീകരണമെങ്കിലും അധികൃതര്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: