തിരുവനന്തപുരം: ഭാരതത്തില്‍ സ്വദേശി പ്രസ്ഥാനത്തിന്റെ രണ്ടാം സ്വാതന്ത്ര്യപോരാട്ടത്തിലെ മഹാത്മാവായാണ് ബിഎംഎസിന്റെയും സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിയെ റിട്ട. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ വിശേഷിപ്പിച്ചിരുന്നത്.
ആഗോളവല്ക്കരണത്തിനെതിരെയുള്ള സമരങ്ങളിലും രാഷ്ട്രത്തെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യങ്ങളിലും ഠേംഗ്ഡിയെപ്പോലുള്ള സ്വദേശി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാന്‍ കൃഷ്ണയ്യര്‍ മടി കാണിച്ചില്ലെന്ന് അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ട് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംഘടനാ സെക്രട്ടറി കാശ്മീരി ലാല്‍, ദേശീയ സഹസംയോജകന് ആര്. സുന്ദരം എന്നിവര്‍ വ്യക്തമാക്കി. 90കളുടെ തുടക്കത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ച് തുടക്കം കുറിച്ച പോരാട്ടം വളരെ നിര്‍ണായകമായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹം മഞ്ചുമായി സഹകരിക്കാന്‍ തയ്യാറായത്. ദല്‍ഹിയില്‍ നടന്ന മഞ്ചിന്റെ പ്രഥമ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തതും കൃഷ്ണയ്യരാണെന്ന് അവര്‍ അനുസ്മരിച്ചു.
പ്ലാച്ചിമടയിലെ വിവാദമായ കൊക്കകോള പ്ലാന്റിനെതിരെയും കൃഷ്ണയ്യര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. 2005 ജൂണില്‍ പ്ലാച്ചിമട പ്ലാന്റിന്റെ ലൈസന്‍സ് പുതുക്കി നല്കാന് കോടതി പെരുമാട്ടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്കിയപ്പോഴും അതിനെതിരെ പ്രതികരിച്ച കൃഷ്ണയ്യര്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം നിലകൊണ്ടത് അവിസ്മരണീയമാണ്. രാഷ്ട്രത്തെയും ദരിദ്രരെയും സേവിക്കാനുള്ള മാര്‍ഗമായി അദ്ദേഹം ജുഡീഷ്യറിയെ പ്രയോജനപ്പെടുത്തി. രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതിബദ്ധതയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: