കൊച്ചി: വ്യാഴാഴ്ച അന്തരിച്ച ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യരുടെ ഭൗതിക ശരീരം അഗ്നിക്ക് സമര്‍പ്പിക്കാന്‍ സദ്ഗമയയില്നിന്നും ആംബുലന്‍സില്‍ കയറ്റുമ്പോള്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു ചന്ദ്രിക. താന്‍ ഗുരുനാഥനെപ്പോലെ സ്നേഹിച്ച സ്വാമി സദ്ഗമയയില്നിന്നും എന്നന്നേക്കുമായി വിടപറയുന്നത് ചന്ദ്രികക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പതിനഞ്ച് വര്‍ഷം മുമ്പാണ് പച്ചാളം സ്വദേശിയായ ചന്ദ്രിക കൃഷ്ണയ്യരുടെ നിഴലായി മാറിയത്. ടൈപ്പിസ്റ്റ് എന്നതിലുപരി കൃഷ്ണയ്യര്‍ ഒരു കുടുംബാംഗത്തെപ്പോലെയാണ് ചന്ദ്രികയോട് പെരുമാറിയത്. 1999 മാര്‍ച്ചില്‍ പത്മവിഭൂഷണ്‍ ഏറ്റുവാങ്ങാനെത്തിയ കൃഷ്ണയ്യരുടെ കൃതജ്ഞതാപത്രം തയ്യാറാക്കലായിരുന്നു ചന്ദ്രികയുടെ ആദ്യജോലി. സര്‍ക്കാരിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതുവരെയും ചന്ദ്രികയാണ് കൃഷ്ണയ്യര്‍ക്കുവേണ്ടി കത്തുകളും മറുപടികളുമൊക്കെ തയ്യാറാക്കിയിരുന്നത്.
പൊതുവെ ശാന്തസ്വഭാവമുള്ള കൃഷ്ണയ്യര്‍ കത്തുകള്‍ തയ്യാറാക്കുമ്പോള്‍ തെറ്റുകള്‍ വന്നാല്‍ പെട്ടെന്ന് ക്ഷുഭിതനാകുമായിരുന്നു. തുടക്കത്തില്‍ കൃഷ്ണയ്യരുടെ കത്തുകള്‍ ഡ്രാഫ്റ്റ് ചെയ്യാന്‍ നന്നേ പ്രയാസമായിരുന്നു. അദ്ദേഹം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും കടുപ്പമേറിയതായിരുന്നു. പിന്നീടവ സ്വയം പഠിച്ച് ശീലിക്കുകയാണുണ്ടായതെന്ന് ചന്ദ്രിക പറയുന്നു. റിട്ട. ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്നതിനു പകരം ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്ന് എഴുതിയതിനായിരുന്നു ശകാരം ഏറ്റുവാങ്ങിയത്. ചന്ദ്രിക ഓര്‍ക്കുന്നു.
സ്വാമിയെന്ന് ഏവരും സ്നേഹത്തോടെ, ബഹുമാനത്തോടെ വിളിച്ചിരുന്ന കൃഷ്ണയ്യരുടെ സ്വന്തം സദ്ഗമയയില്‍ ഇനി എങ്ങനെയെന്നോര്ക്കുമ്പോള് ചന്ദ്രികയുടെ കണ്ണുകള്‍ നിറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: