ആലപ്പുഴ: ചക്കുളത്തുകാവ് അമ്മയ്ക്ക് കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ പുണ്യം നുകര്‍ന്നു. ദേവീദര്ശനത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് സ്ത്രീകളാണ് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തിയത്. ചക്കുളത്തുകാവു ക്ഷേത്രത്തിലും പരിസരത്തും ഏഴ് കിലോമീറ്ററോളം ചുറ്റളവിലുമായാണ് ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചത്.
പുലര്‍ച്ചെ 3.30ന് അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്നു വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാല ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിച്ചു. ഒമ്പതിന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകര്‍ന്നു.
11ന് അഞ്ഞൂറിലധികം പുരോഹിതന്മാരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിച്ചു. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരി, അശോകന് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകര്‍ന്നതോടെ പൊങ്കാല മഹോത്സവത്തിന് സമാപനമായി. സേവാഭാരതി ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകള്‍, സാംസ്കാരിക സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനായി രംഗത്തുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: