തൃശൂര്‍: നായ്ക്കളെ വെട്ടി ആയുധപരിശീലനം നടത്തുന്ന സംഘങ്ങള്‍ വീണ്ടും സജീവം. ചില ഭീകര സംഘടനകളാണ് ഇതിനു പിന്നില്‍. കഴിഞ്ഞ ദിവസം കഴുത്തില്‍ വെട്ടേറ്റ നിലയില്‍ ചാവക്കാട് അവിയൂര്‍ നാലാംകല്ല് റോഡ് പരിസരത്ത് നായ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
മുറിവ് പഴുത്ത് അവശനായ നിലയില്‍ നായ എത്തിയതെവിടെനിന്നാണെന്ന് വ്യക്തമല്ല. ഓടുന്ന നായയെ വാഹനത്തില്‍ പിന്തുടര്ന്ന് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വെട്ടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ആഴ്ചകള്‍ക്ക് മുമ്പ് വടക്കാഞ്ചേരി തെക്കുംകര കരുമത്രയില്‍ നായ വെട്ടേറ്റ് ചത്തിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് സമാന സംഭവങ്ങള്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നടന്നിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മുമ്പ് നൂറോളം തെരുവ് നായ്ക്കളെ കഴുത്തിന് വെട്ടേറ്റ് ഗുരുതരമായ സ്ഥിതിയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വടക്കേക്കാട്, എരുമപ്പെട്ടി, പാവറട്ടി, വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ പലയിടത്തും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അന്ന് സംസ്ഥാന തലത്തില്‍ അന്വേഷണത്തിനായി സ്പെഷൃല് ടിമിനെ നിയോഗിച്ചെങ്കിലും വ്യക്തമായ തെളിവുകള്‍ കിട്ടിയില്ല.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ രഹസ്യപരിശീലന ക്ലാസുകളുടെ ഭാഗമാണ് നായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കല്‍. അവിയൂരില്‍ അര്‍ദ്ധപ്രാണനായി അലയുന്ന നായയെ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. സംഭവം സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: