തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൃശ്യവത്ക്കരിക്കാന്‍ മീഡിയശ്രീ
ആലപ്പുഴ: സ്ത്രീ ശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കുടുംബശ്രീ ദൃശ്യമാധ്യമ രംഗത്തും സജീവമാകുന്നു. മീഡിയാശ്രീ എന്ന പേരിലാണ് കുടുംബശ്രീ ദൃശ്യമാധ്യമ രംഗത്തേക്ക് ഇറങ്ങുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2010-2014 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മീഡിയശ്രീ ദൃശ്യവത്ക്കരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്കരണം വഴി ചരിത്രം രേഖപ്പെടുത്തുക, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നിവയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കും.
ആദ്യഘട്ടമായി സിഡിഎസ് ചെയര്പേഴ്സണ്മാര് പഞ്ചായത്തുതലത്തില്‍ വിവരശേഖരണം നടത്തും. ഒരു സിഡിഎസ് പ്രതിനിധിക്കും പഞ്ചായത്ത് അംഗത്തിനും പ്രതേ്യക പരിശീലനം നല്‍കും. ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മറ്റി അനുമതി നല്കിയാല് ജില്ലാതല സ്ക്രീനിങ് സമിതിക്ക് സമര്‍പ്പിക്കാം.
ജില്ലാ സമിതിയുടെ അംഗീകാരത്തോടെ സംസ്ഥാന മിഷന് കൈമാറും. തുടര്‍ന്ന് രണ്ടു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിച്ച് വിവരങ്ങളുടെ 30 മിനിട്ടു മുതല്‍ 40 മിനിട്ടുവരെയുള്ള തിരക്കഥ തയാറാക്കും. തിരക്കഥയ്ക്ക് വീണ്ടും പഞ്ചായത്തിന്റെ അംഗീകാരം നേടിയശേഷം മീഡിയശ്രീ അംഗങ്ങള്‍ ദൃശ്യവത്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: