തിരുവനന്തപുരം: തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍ സര്‍ക്കാര്‍ കയ്യിട്ടു വാരുന്നുവെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.പി. ഭാര്ഗവന്. തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളികളറിയാതെ അവരുടെ അവകാശങ്ങള്‍ മുതലാളിക്കു കൊടുക്കുന്ന നയം മാറണം. നിയമങ്ങള്‍ കാറ്റില്‍പറത്തി തൊഴിലാളികളെ അടിമകളാക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തിന്റെ നയങ്ങളില്‍ പൊറുതിമുട്ടിയാണ് ഇത്തരം സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.
തൊഴിലാളികളുടെ മാഗ്നാകാര്‍ട്ടയില്‍ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആഗോളവത്ക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉടലെടുത്തത്. വികസനത്തിന്റെ അര്‍ത്ഥമെന്നത്, കുത്തകകള്‍ക്കുള്ള ലാഭമെന്ന് ചുരുങ്ങിപ്പോയി. ആഗോളവത്ക്കരണത്തെ അംഗീകരിച്ച് ഒപ്പിട്ട എല്ലാ സര്‍ക്കാരുകളും തൊഴിലാളികളെ വഞ്ചിച്ചു.
തുടര്‍ന്നു വന്ന സര്‍ക്കാരുകളും ഇതു പിന്തുടരുകയാണുണ്ടായത്. വാജ്പേയ് സര്‍ക്കാര്‍ ഈ നയത്തിന് അനുകൂലമായ നിലപാടെടുത്തപ്പോള്‍ ദേശീയ തലത്തില്‍ ബിഎംഎസ് പ്രതിഷേധം അറിയിച്ചിരുന്നു. തൊഴിലാളി നിയമങ്ങളില്‍ ഭേദഗതി വരുത്തി മുതലാളിമാരെ സംരക്ഷിക്കുന്ന ഏതു ഭരണകൂടം വന്നാലും കൊടിയുടെ നിറം നോക്കാതെ ആദര്‍ശങ്ങളുടെ പേരില്‍ മാറി നില്‍ക്കാതെ മുന്നിട്ടിറങ്ങണം.
രാജസ്ഥാനില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒരുപോലെ സമ്മതിക്കുകയായിരുന്നു. തൊഴിലാളി നിയമങ്ങള്‍ പരിഷ്ക്കരിക്കുമ്പോള്‍ തൊഴിലാളി സംഘടനകളുമായി ആലോചിക്കേണ്ട സാമാന്യ മര്യാദകള്‍ പോലും ഭരണകൂടങ്ങള്‍ പാലിക്കുന്നില്ല. വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഭാരതത്തിന്റെ സമ്പദ്ഘടനയെ തന്നെ പിടിച്ചു നിര്‍ത്തുമ്പോള്‍ ന്യൂനപക്ഷം വരുന്ന കുത്തക മുതലാളിമാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് തൊഴിലാളി വിരുദ്ധ നടപടിയാണ്. തൊഴിലാളി സംഘടനകള്‍ മുന്നോട്ടു വെച്ച പത്ത് ആവശ്യങ്ങളില്‍ ഒന്ന് വിലക്കയറ്റം തടയുകയെന്നതാണ്. വിലക്കയറ്റത്തിന്റെ യഥാര്‍ഥ ഇരകള്‍ തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: