തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ മാര്‍ച്ച് ചരിത്രമായി. പതിനായിരത്തോളം തൊഴിലാളികളാണ് ഇന്നലെ തലസ്ഥാന നഗരത്തിലെത്തിയത്.
ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി, എസ്ടിയു, എംസിഡബഌയുഎ, എച്ച്എംഎസ്, ടിയുസിഐ തുടങ്ങി എല്ലാ തൊഴിലാളി സംഘടനകളും മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു. ഗാര്‍ഹിക തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയുള്ള വനിതാ പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. രാവിലെ പതിനൊന്ന് മണിയോടു കൂടി നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമായി തൊഴിലാളി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. രാജ്ഭവന്റെ മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് മതില് കെട്ടി മാര്‍ച്ച് തടഞ്ഞു.
താത്ക്കാലികമായി തീര്‍ത്ത സ്റ്റേജില്‍ മാര്‍ച്ചിനെത്തിയ തൊഴിലാളി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കാന്‍ സംഘടനാ നേതാക്കളുമെത്തി. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.പി. ഭാര്ഗവന് അധ്യക്ഷത വഹിച്ച ചടങ്ങ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളില്‍ തൊഴിലാളിയെ സംരക്ഷിക്കാന്‍ സംഘടനകള്‍ വേണ്ടെന്ന തീരുമാനമാണ് തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതോടെ ഇല്ലാതാകുന്നത്.
തൊഴില്‍ശാലകളില്‍ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം, സൗകര്യങ്ങള്‍, സുരക്ഷിതത്വം, പിഎഫ്, ഇഎസ്ഐ, സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമ സങ്കേതം തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്കാന്‍ നിയമഭേദഗതി കൊണ്ടു സാധിക്കും. തൊഴിലിടങ്ങളില്‍ ലേബര്‍ ഓഫീസര്‍മാരുടെ പരിശോധനയും ഇല്ലാതാകും. ഇത് മുതലാളിമാരെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് ചെയ്യുന്നത്. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി തൊഴിലാളികള്‍ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ധര്‍ണയില്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ ആര്. ചന്ദ്രശേഖര്‍, കുറ്റിയാനിക്കാട് മധു, ചാരുപാറ രവി, മാഹീന് അബുബേക്കര്‍, ശ്രീകുമാരന്‍ നായര്‍, സത്യന് എംഎല്‍എ, വി. ശശി എംഎല്‍എ, കെ.ആര്. ബ്രഹ്മാനന്ദന്, വി.കെ. സദാനന്ദന്, രാജു ആന്റണി, ജി. സുഗുണന് എന്നിവര്‍ സംസാരിച്ചു. പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: